
കോഴിക്കോട്: കുറ്റ്യാടി റോഡിൽ ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സത്യൻ കടിയങ്ങാടിന്റേയും ജയലക്ഷ്മിയുടേയും മകളാണ്.
ഇന്ന് രാവിലെ പതിനൊന്നരയോടെ കൂത്താളിക്കും രണ്ടേ ആറിനും ഇടയിലാണ് അപകടമുണ്ടായത്. അഹല്യ ഓടിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പിന്നിൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് അഹല്യ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അഹല്യയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
രാവിലെ അച്ഛനും മകളും ഒരുമിച്ചാണ് വീട്ടിൽ നിന്നും പുറത്തു പോയത്. സത്യൻ ഇന്ദിര ഗാന്ധി അനുസ്മരണ പരിപാടിക്കും അഹല്യ ഗിറ്റാർ ക്ലാസ്സിനും പോയി. സത്യൻ പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് മകൾ അപകടത്തിൽ പെട്ടത്.
പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ആദിത്യ കൃഷ്ണ സഹോദരനാണ്.