ദില്ലി: ബില്‍ക്കീസ് ബാനോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്ത്രയും അടക്കംസമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.
പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തില്‍ പെട്ടതാണെങ്കിലും സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രതികളെ വിട്ടയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബില്‍ക്കീസ് ബാനു നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് സര്‍ക്കാരിന് ഇളവ് നല്‍കാമെന്ന് ഒരു പ്രതിയുടെ കേസില്‍ സുപ്രീംകോടതി വിധിച്ചത് ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2022ലെ മുന്‍ സുപ്രീകോടതി വിധി അസാധുവാണെന്ന് കോടതി പറഞ്ഞു. പ്രതികള്‍ സുപ്രീംകോടതിയില്‍ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചാണ് വിധി നേടിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും ഗുജറാത്ത് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
2002ലെ ഗുജറാത്തു കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ സംഘം ചേര്‍ന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസില്‍ 11 പ്രതികള്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2022ല്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതികളായ ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരെ മോചിപ്പിച്ചിരുന്നു. 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനല്‍കി വിട്ടയച്ചത്.
ബില്‍ക്കിസ് ബാനു 5 മാസം ഗര്‍ഭിണിയായിരിക്കെയാണ് കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാര്‍ച്ച് 3ന് അക്രമികള്‍ ഇവരെ കണ്ടെത്തുകയും 7 പേരെ കൊലപ്പെടുത്തുകയും ബില്‍ക്കിസ് ബാനുവിനെ പീഡിപ്പിക്കുകയും ചെയ്തു. ബാനുവിനൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കണ്‍മുന്നില്‍ വച്ച് കൊലപ്പെടുത്തിയതിനും അവള്‍ സാക്ഷിയായി. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.