മൂന്ന് വയസ്സുകാരനെ കൊന്നത് സ്വന്തം അമ്മ, വിവാഹത്തിന് തടസ്സമാകാതിരിക്കാൻ

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസ്സുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.
കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടില്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നാലെ കുട്ടിയുടെ മാതാവിനെയും ജ്യേഷ്ഠ സഹോദരിയെയും കസബ പൊലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് അമ്മയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതല്‍ അന്വേഷണം വേണമെന്നും പിതൃസഹോദരന്‍ എം.ഹക്കീം പറഞ്ഞു
ചൊവ്വാഴ്ച രാവിലെയാണ് ഷമീര്‍ മുഹമ്മദ്- ആസിയ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഷാനെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോടു പറഞ്ഞത്.
എന്നാല്‍ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് ബോധം പോയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതോടെ പാലക്കാട് കസബ പൊലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഒപ്പം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. വൈകുന്നേരത്തോടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെയാണ് സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിന് ബലപ്പെട്ടത്.
തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസിയയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ താന്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് ആസിയ സമ്മതിച്ചു. കുറച്ചുകാലമായി ആസിയയും ഭര്‍ത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തര്‍ക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞിന്റെ കാര്യം ഈ ആണ്‍സുഹൃത്തിനോടു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാന്‍ ആസിയ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!