തിരൂരങ്ങാടി : ശാസ്ത്രീയ സംരക്ഷണപ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു . പൈതൃകസംരക്ഷണം, അതു സംബന്ധമായ പഠന ഗവേഷണങ്ങൾ എന്നിവയ്ക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണ കൂടി അനിവാര്യമാണ്. തിരൂരങ്ങാടി ഹജൂർ കച്ചേരി സംരക്ഷിത സ്മാരകമാക്കുക എന്ന തിരൂരങ്ങാടിക്കാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ചരിത്രപരവും നിർമ്മാണപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരം പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ഇതേ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസ്, 1921 കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എന്നിവയും പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ജില്ലാ പൈതൃക മ്യൂസിയത്തിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹജൂർ കച്ചേരി അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനായി. സംസ്ഥാനപുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ സ്വാഗതം പറഞ്ഞു.
മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി.അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. ബ്രിട്ടീഷുകാരുടെ കാലത്ത് ഹജൂർ കച്ചേരിയായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിലാണ് പിൽക്കാലത്ത് തിരൂരങ്ങാടി താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത്.ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്ന ഈ കെട്ടിടം ഇന്തോ – യൂറോപ്യൻ വാസ്തുശിൽപ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ കാലഘട്ടങ്ങളിൽ സർക്കാരിന്റെ കാര്യാലയങ്ങളായി പ്രവർത്തിച്ച ഹജൂർ കച്ചേരി കേരള പുരാവസ്തു വകുപ്പിന് കീഴിൽ സംരക്ഷിത കെട്ടിടമായി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.2019ൽ ആദ്യഘട്ട പ്രവൃത്തികൾ ആരംഭിക്കുകയും 2021 ഫെബ്രുവരി മാസത്തോടെ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലെത്തുകയും ചെയ്തു. 54 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് സംരക്ഷണ പ്രവൃത്തികൾക്കായി സർക്കാർ അനുവദിച്ചത്. ജില്ലാ പൈതൃക മ്യൂസിയമാക്കാൻ തീരുമാനിച്ചതും ഹജൂർ കച്ചേരി തന്നെയാണ്. നിലവിൽ പുരാവസ്തു വകുപ്പിന് കീഴിൽ ഇതിനായുള്ള ഡി പി ആർ തയ്യാറാക്കുകയാണ്.
തിരൂരങ്ങാടി മുൻ എം. എൽ. എ പി.കെ.അബ്ദുറബ്ബ്, തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, തിരൂരങ്ങാടി നഗരസഭ കൗൺസിലർ അഹമ്മദ്കുട്ടി കടവത്ത്, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ്, സി പി ഇസ്മായിൽ, കെ. രാംദാസ് മാസ്റ്റർ, കെ. മൊയ്തീൻ കോയ, പി. കെ അബ്ദുൽ അസീസ്, എൻ. വി അബ്ദുൽ അസീസ്, ശ്രീരാഗ് മോഹനൻ, എം. പ്രഭാകരൻ, സി. പി അബ്ദുൽ ലത്തീഫ് , കെ. രത്നാകരൻ, പി. ടി ഹംസ, കെ. കുഞ്ഞാമു, മുഹമ്മദ് നഹ, പനക്കൽ സിദ്ധിക്ക്, കെ. പി സദു, നിയാസ് പുളിക്കലകത്ത് എന്നിവർ സംസാരിച്ചു.