നന്നമ്പ്ര: യൂത്ത് ലീഗ് സംസ്ഥാന കൗണ്സില് അംഗം വെള്ളിയാമ്പുറം സ്വദേശി ജാഫർ പനയത്തിൽ മുസ്ലിം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്സില് അംഗം, നന്നംബ്ര പഞ്ചായത്ത് യൂത്ത് ലീഗ്, ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെള്ളിയാമ്പുറം ബാഫഖി യൂത്ത് സെന്റർ ഭരവാഹിയും ആയിരുന്നു. ഇന്ന് താനൂർ ഏരിയ സി പി എം സമ്മേളനത്തിൽ. വെച്ച് കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. ജില്ല സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന്, ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.
നന്നംബ്ര മേഖലയിൽ യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ജാഫർ ആയിരുന്നു. ജാഫർ പാർട്ടി വിട്ടത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
അതേ സമയം, ആഗ്രഹിച്ച സ്ഥാനം ലഭിക്കാത്തതാണ് പാർട്ടി വിടാൻ കാരണമെന്ന് ലീഗ് നേതൃത്വം പറയുന്നു. സംസ്ഥാന കൗണ്സില് അംഗത്വം പോലും ഈയിടെ സമ്മർദ ഫലമായി വാങ്ങിയതാണ്. ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഭാരവാഹിത്വം ആഗ്രഹിച്ചിരുന്നു. അത് കിട്ടതായപ്പോൾ സംസ്ഥാന കമ്മിറ്റിയിൽ കിട്ടുമെന്ന വ്യാമോഹത്തിൽ ആയിരുന്നു. ഉന്നത ഭാരവാഹിത്വം സ്വപ്നം കണ്ടു കഴിയുകയായിരുന്നു. അത് ലഭിക്കാത്തതിലുള്ള നിരാശയിലാണ് അദ്ദേഹമെന്നും ഇവർ പറയുന്നു.
എന്നാൽ 2 പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും അർഹമായ സ്ഥാനം നല്കിയില്ലെന്നാണ് പരാതി. തന്നെക്കാൾ ജൂനിയറിയവരെ പരിഗണിച്ചപ്പോഴും തന്നെ അവഗണിച്ചെന്നാണ് ജാഫറിന്റെ പരാതി. ഉന്നത നേതാക്കൾ വരെ ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്നും ജാഫർ പറയുന്നു.