സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസിൽ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു. 

ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്‍റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്.

സ്പെഷൽ ബ്രാഞ്ച് എസിപി എസ്. നാസറുദ്ദീന്‍, കൊല്ലം എസിപി ജി.ഡി. വിജയകുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ആര്‍. ഫയാസ് കൊല്ലം വെസ്റ്റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാംകുമാര്‍, ഹസന്‍കുഞ്ഞ്, സിപിഒമാരായ ഷെമീര്‍, ലിനു ലാലന്‍, സിജോ കൊച്ചുമ്മന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 

അതേ സമയം, വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് പ്രവാസി യുവാവിനതിരെയും കേസ് എടുത്തു.

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കുറിച്ചുള്ള സന്ദേശം പങ്കുവെച്ചു എന്നാരോപിച്ചാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ മയ്യിലിനടുത്ത് കൊളച്ചേരി സ്വദേശി റഊഫിനെതിരേയാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് സ്വമേധയാ കേസെടുത്തത്.

രഞ്ജിത്ത് ശ്രീനിവാസ് ആർ.എസ്​.എസി​ന്റെ വിവിധ പോഷക സംഘടനകളില്‍ നേതൃപരമായ പങ്കുവഹിച്ചയാളും ശാഖാ പരിശീലനം ലഭിച്ചയാളുമാണ് എന്നതടക്കമുള്ള പരാമര്‍ശങ്ങളടങ്ങിയ സന്ദേശം പ്രചരിപ്പിച്ചു എന്നപേരിലാണ് നടപടി. നാട്ടില്‍ കലാപമുണ്ടാക്കാന്‍ പ്രകോപനപരമായ സന്ദേശം വാട്‌സ് അപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ജാതിമതരാഷട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുമുള്ള പാട്ടയം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നാട്ടില്‍ കലാപത്തിന് ഇടയാക്കുന്ന തരത്തില്‍ ഗള്‍ഫിലെ ജോലി സ്ഥലത്ത് നിന്നും ഇയാള്‍ സന്ദേശം പ്രചരിപ്പിച്ചെന്നാണ് പൊലീസി​ന്റെ ആരോപണം.

അതേസമയം, നേരത്തേ എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറിനെയും മറ്റും വകവരുത്തണമെന്ന് സംഘപരിവാർ പ്രവര്‍ത്തകന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്ത സംഭവത്തില്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതിയുയർന്നിട്ടുണ്ട്​.

error: Content is protected !!