തിരൂരങ്ങാടി : സത്യപ്പള്ളി എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊടിഞ്ഞി പള്ളിയുടെ നേർച്ച പെട്ടി കുത്തിത്തുറന്ന് മോഷണം. പള്ളിയുടെ നടവഴിയിൽ ജിഫ്രി മഖാമിന് സമീപത്തുള്ള നേർച്ച പെട്ടിയാണ് കുത്തിതുറന്ന നിലയിൽ ഉള്ളത്. ചില്ലറ നാണയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കറൻസി നോട്ടുകൾ നഷ്ടപ്പെട്ട നിലയിലാണ്. എത്ര തുക ഉണ്ടെന്നു വ്യക്തമല്ല. രാത്രിയാണ് മോഷണം നടന്നത് എന്നാണ് സൂചന. സമീപത്ത് നിന്ന് പിക്കാസ്, മുസല്ല, ഒരു കുപ്പി വെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇത് മോഷ്ടാവിന്റേത് ആണോ എന്ന് വ്യക്തമല്ല. രാവിലെയാണ് മോഷണ വിവരം അറിയുന്നത്.