HIV പോസ്റ്റീവ് ആയ സ്ത്രീയുടെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല, നട്ടം തിരിഞ്ഞു ആശുപത്രി അധികൃതർ.

പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹം ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

കോഴിക്കോട്- ഏറ്റെടുക്കാൻ ബന്ധുക്കളോ പെരിന്തൽമണ്ണ നഗരസഭയോ തയ്യാറാവാത്തതിനാൽ മൃതദേഹവുമായി ഒരുമാസമായി മെഡിക്കൽകോളേജ് ആശുപത്രി അധികൃതർ നട്ടംതിരിയുന്നു. ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലായിരിക്കെ മരിച്ച എച്ച്.ഐ.വി. പോസിറ്റീവായ പെരിന്തൽമണ്ണ സ്വദേശിനിയുടെ മൃതദേഹമാണ് സാങ്കേതികക്കുരുക്കിൽ കുടുങ്ങി സംസ്കരിക്കാനാവാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബർ 16-നാണ് ഇവർ മരിച്ചത്. ഏറ്റെടുക്കാൻ ആരുമില്ലാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പെരിന്തൽമണ്ണ പോലീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

പെരിന്തൽമണ്ണ നഗരസഭയ്ക്ക് സമ്മതപത്രം നൽകിയെന്നും തുടർ നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നുമാണ് പോലീസിന്റെ നിലപാട്. എന്നാൽ പോലീസിൽനിന്ന് സമ്മതപത്രമൊന്നം കിട്ടിയിട്ടില്ലെന്നും അതിനാൽ ഇടപെടാനാവില്ലെന്നുമാണ് പെരിന്തൽമണ്ണ നഗരസഭ പറയുന്നത്.

ഇത്തരം ഘട്ടത്തിൽ മൃതദേഹം ഏറ്റെടുത്തു സംസ്കരിക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. പെരിന്തൽമണ്ണ പോലീസ് നഗരസഭയ്ക്ക് നൽകിയ സമ്മതപത്രത്തിന്റെ പകർപ്പ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നൽകാതിരുന്നതും പ്രശ്നം സങ്കീർണമാക്കി. പ്രശ്നം പരിഹരിച്ച് എത്രയും പെട്ടെന്ന് മൃതദേഹം സംസ്കരിക്കാൻ വഴിയെന്തെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ.

error: Content is protected !!