കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷം, സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത് ; എകെ ബാലന്‍

തിരുവനന്തപുരം : നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രകടനം തീര്‍ത്തും ചട്ടവിരുദ്ധമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഇത്തരമൊരു സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത്. കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഒരു കാരണവശാലും ചട്ടപ്രകാരം അവതരണാനുമതി നല്‍കാന്‍ സാധ്യമല്ല. എന്നിട്ടും സ്പീക്കര്‍ കാട്ടിയ മാന്യത മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം നിരവധി തവണ നിയമസഭ ചര്‍ച്ച ചെയ്തതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമാക്കേണ്ടത് ലൈഫ് മിഷന്റെ പേരില്‍ അടിയന്തിര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നു. ഇതും രണ്ടു തവണ ചര്‍ച്ച ചെയ്തതാണ്. റൂള്‍ 50 അനുസരിച്ച് അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട ചട്ടത്തിന്റെ വിശദാംശം മുഖ്യമന്ത്രി വളരെ വ്യക്തമായി ഇന്നലെ സഭയില്‍ പ്രതിപക്ഷത്തെ ഓര്‍മപ്പെടുത്തിയെന്നും എകെ ബാലന്‍ പറഞ്ഞു.

എന്തും പറയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്, അതിനാണ് ഞങ്ങളെ നിയമസഭയിലേക്ക് പറഞ്ഞയച്ചത് എന്ന പ്രസ്താവന അജ്ഞത മാത്രമല്ല, ധിക്കാരമാണ്. എന്തും പറയാനുള്ള വേദിയല്ല നിയമസഭ. നിയമസഭയില്‍ എന്ത് പറയണം, എങ്ങനെ പറയണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്. ചട്ടത്തില്‍ ഊന്നിനിന്നുകൊണ്ടു മാത്രമേ ആരോപണങ്ങള്‍ അടക്കം ഉന്നയിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച് പ്രതിയാക്കപ്പെട്ട് ഒരു വര്‍ഷത്തിലേറെ റിമാന്‍ഡിലായ പ്രതി മാറിമാറിപ്പറയുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ല. കാരണം, നിയമസഭയില്‍ മുഖ്യമന്ത്രിക്ക് അക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ല. ഇത് കോടതിയില്‍ കിടക്കുന്ന പ്രശ്‌നമാണെന്നും എകെ ബാലന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കോ ഗവണ്‍മെന്റിനോ മറുപടി പറയാന്‍ സാധിക്കാത്ത ഒരു വിഷയം, കോടതിയിലുള്ള ഒരു വിഷയം, വ്യക്തികളെ അപമാനിക്കാന്‍ വേണ്ടി കല്ലുവെച്ച നുണപ്രചാരണങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിതി. ഇതെല്ലാം എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ ചര്‍ച്ചാവിഷയമാകുന്നത്? അന്വേഷണ കമീഷന്റെ മുന്നിലും കോടതിയിലും മാറിമാറിപ്പറഞ്ഞ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ അടിയന്തിര പ്രമേയം അതില്‍ മുഖ്യമന്ത്രിക്ക് ഒന്നും പറയാന്‍ ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കിട്ടിയ കമീഷന്‍ തുകയാണെന്നു കസ്റ്റംസിന്റെ മുന്നില്‍ ആദ്യം പ്രതി പറഞ്ഞു. പിന്നീട് എന്‍.ഐ.എയുടെ മുന്നിലെത്തുമ്പോഴാണ് തുക റെഡ് ക്രെസെന്റ് കൊടുത്ത കമീഷനായി മാറുന്നത്. ഇതില്‍ ഏതു മൊഴിയാണ് പ്രതിപക്ഷത്തിന് സ്വീകാര്യമായിട്ടുള്ളത്? റെഡ് ക്രെസെന്റും കോണ്‍സുലേറ്റും തമ്മിലുണ്ടാക്കിയ കരാര്‍, കോണ്‍സുലേറ്റും യൂണിടെക്കും തമ്മിലുണ്ടാക്കിയ കരാര്‍. ഈ കരാറുകളില്‍ സര്‍ക്കാര്‍ ഭാഗമേയല്ല. അങ്ങനെയൊരു സര്‍ക്കാര്‍ എങ്ങനെയാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക? ഇതെല്ലാം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച് കോടതിയില്‍ കൊടുക്കട്ടെ. മൂന്ന് വര്‍ഷമായില്ലേ അന്വേഷിക്കാന്‍ തുടങ്ങിയിട്ട്? മുഖ്യമന്ത്രിക്കെതിരായോ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായോ ഒന്നും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നത്തില്‍, ഇടയ്ക്കിടയ്ക്ക് മൊഴിമാറ്റുന്ന ഒരു പ്രതിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് അടിയന്തിര പ്രമേയത്തിന് മറുപടി പറയുക?
സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത്. മുഖ്യമന്ത്രിയെ മൂലയ്ക്കിരുത്താന്‍ കുറെ കാലമായി ശ്രമിക്കുന്നില്ലേ? ഒന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലല്ലോ. ദേശീയാടിസ്ഥാനത്തില്‍ ഈ ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ പ്രതിപക്ഷം എങ്ങനെയാണ് വിലയിരുത്തുന്നത്? ഈ വിഷയത്തില്‍ ഒരു അടിയന്തിര പ്രമേയത്തിന് എന്ത് പ്രസക്തിയാണുള്ളത്? കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷമെന്നും എകെ ബാലന്‍ പറഞ്ഞു.

error: Content is protected !!