Monday, August 31

ജോലിക്ക് പോകുന്നതിന് ഇറങ്ങുന്നതിനിടെ കെട്ടിടം ഇടിഞ്ഞു വീണു ; 3 പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ : കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. 17 പേരാണ് ഇരുനില കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടം തകര്‍ന്നു വീണപ്പോള്‍ തന്നെ 14പേര്‍ ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇന്ന് രാവിലെ ആറുമണിയോടെ ഇടിഞ്ഞുവീണത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. പുതുക്കാടുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നുപേര്‍ അകത്തു കുടുങ്ങിയെന്നും ആറു മണിയോടെയാണ് അപകടം ഉണ്ടായതെന്നും രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് പറഞ്ഞത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്.