
തിരൂരങ്ങാടി : രാഷ്ട്രീയക്കാരുമായി ഉടക്കിയിരുന്ന തിരൂരങ്ങാടി സ്റ്റേഷൻ ഹൗസിങ് ഓഫീസർക്ക് ഒടുവിൽ സ്ഥലം മാറ്റം. തിരൂരങ്ങാടി എസ് എച്ച് ഒ സന്ദീപ് കുമാറിനാണ് സ്ഥലം മാറ്റം. ഫറോക്ക് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ഇവിടത്തെ എസ് എച്ച് ഒ ബാലചന്ദ്രനെ തിരൂരങ്ങാടി യിലേക്കും മാറ്റി. രാഷ്ട്രീയക്കാരുമായി ഒത്തു പോകാതിരുന്ന സി ഐയെ സ്ഥലം മാറ്റാൻ ഭരണ മുന്നണിയും പ്രതിപക്ഷ പാർട്ടിയും ഉൾപ്പെടെ എല്ലാ പാർട്ടിക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. രാഷ്ട്രീയക്കാർക്ക് ഒരു പരിഗണനയും നൽകാതിരുന്നതിനാൽ എല്ലാ പാർട്ടിക്കാരും ഇയാളെ മാറ്റാൻ എല്ലാ വിധ ശ്രമങ്ങളും നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളെ പരിഗണിക്കാതിരുന്ന ഇദ്യേഹം ആരുടെ സ്വാധീനത്തിനും സമ്മർധത്തിനും വഴങ്ങിയിരുന്നില്ല.
പി എസ് സി നിയമന വിഷയവുമായി ബന്ധപ്പെട്ട് തെന്നലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തിയിരുന്ന സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസ് എടുത്തത് വിവാദമായിരുന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തിയിരുന്നു. ഇതിനെ തുടർന്ന് എസ് ഐ ക്ക് സ്ഥലം മാറ്റം ഉണ്ടായിരുന്നെങ്കിലും സി ഐ ഇവിടെ തന്നെ തുടർന്നു. എ ഐ വൈ എഫും സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. ഇതിനിടെ ജില്ലയിൽ നിരവധി സി ഐ മാർക്ക് ട്രാൻസ്ഫർ ഉണ്ടായിരുന്നെങ്കിലും തിരൂരങ്ങാടി സി ഐ ക്ക് മാത്രം ഉണ്ടായിരുന്നില്ല. ജില്ലാ പോലീസ് മേധാവിയുടെ ഇഷ്ടക്കാരനായതിനാൽ ഇദ്ദേഹത്തെ സംരക്ഷിക്കുന്നു എന്നാണ് പോലീസ് സേനയിലുള്ളവർ പറയുന്നത്. ഒഫീഷ്യൽ കാര്യങ്ങളിൽ സി ഐ യുടെ മിടുക്ക് ആണ് ഇദ്ദേഹത്തിന് അനുകൂലമായത് എന്നാണ് അറിയുന്നത്. അതേ സമയം പൊതു പ്രവർത്തകരുമായി ബന്ധം ഇല്ലാതിരുന്നത് സ്റ്റേഷൻ പരിധിയിലെ പല കാര്യങ്ങളും മുൻകൂട്ടി അറിയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസ്സമായി. സി ഐ യുടെ ചില നടപടികളിൽ പോലീസുകാരും അസ്വസ്ഥരായിരുന്നു. ഇതിനിടെ ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സ്ഥലം മാറ്റത്തിൽ എത്തിച്ചത് എന്നാണ് അറിയുന്നത്. താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്. ഏതാനും ദിവസം മുമ്പ് വിതനത്തിനുള്ള പൊതിച്ചോറുമായി എത്തിയ വണ്ടി ആശുപത്രി കവാടത്തിൽ നിർത്തിയതിനെ ചൊല്ലി സി ഐ യും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇദ്യേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. യൂത്ത് ലീഗ് ഇവർക്ക് പിന്തുണ നൽകിയിരുന്നു. പോലീസ് അസോസിയേഷനും ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്. സർക്കാർ തലത്തിൽ തന്നെ ഇടപെടൽ ഉണ്ടായതോടെയാണ് ഇന്ന് ഓർഡർ ഇറങ്ങിയത് എന്നാണ് അറിയുന്നത്.