മൂന്ന് വെൽനസ് ക്ലിനിക്കുകൾ അനുവദിച്ചിട്ടും ഒന്നുപോലും തുടങ്ങാതെ തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : നഗരസഭയിൽ വെൽനെസ് ക്ലിനിക് ആരംഭിക്കുന്നത് വൈകുന്നു. നഗരസഭയിൽ 3 വെൽനെസ് ക്ലിനിക് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഒന്നു പോലും തുടങ്ങിയിട്ടില്ല. ചുള്ളിപ്പാറ, തിരൂരങ്ങാടി, പന്താരങ്ങാടി എന്നിവിടങ്ങളിലാണ് ക്ലിനിക് തുടങ്ങാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്. തുടർന്ന് കെട്ടിടം കണ്ടെത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ചുള്ളിപ്പാറയിലും തിരൂരങ്ങാടിയിലും കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും വാടക സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ തുടർനടപടികൾ വൈകുകയായിരുന്നു.

ഇപ്പോൾ ചുള്ളിപ്പാറയിലെ ക്ലിനിക് കെട്ടിട ഉടമയുമായി ധാരണയായിട്ടുണ്ട്. ക്ലിനിക്ക് തുടങ്ങുന്നതിന്റെ ഭാഗമായി ക്ലിനിക്കിലേക്കുള്ള ഫർണിച്ചർ എത്തിച്ചു. ഇവിടെ ക്ലിനിക് ആരംഭിക്കുന്നതിന് മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തിരൂരങ്ങാടിയിലെ ക്ലിനിക് ആരംഭിക്കുന്നതിന് തീരുമാനമായിട്ടില്ല. കെട്ടിടത്തിന്റെ വാടക സംബന്ധിച്ചാണ് തീരുമാനമാകാത്തത്. ഇപ്പോൾ കണ്ടെത്തിയ കെട്ടിടത്തിന് നഗരസഭ നിർദേശിച്ച വാടക മതിയാകില്ലെന്നാണ് ഉടമ പറയുന്നത്. 15000 രൂപയാണ് നഗരസഭ അനുവദിച്ചതെന്നാണ് അറിയുന്നത്. ഈ കെട്ടിടം തീരുമാനമായില്ലെങ്കിൽ മറ്റൊരു കെട്ടിടമോ പ്രദേശമോ കണ്ടെത്താനുള്ള ആലോചനയിലാണ് അധികൃതർ.

പന്താരങ്ങാടിയിൽ ക്ലിനിക്ക് ആരംഭിക്കുന്നതിന് കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. ഉടമയുമായി വാടക സംബന്ധിച്ച് ധാരണയിലെത്താനുണ്ട്.

ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണത്തൊഴിലാളി എന്നിവരാണ് ക്ലിനിക്കിൽ ഉണ്ടാകുക. ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിലാണ് ക്ലിനിക് തുടങ്ങുന്നത്. വിവിധ മേഖലകളിൽ ക്ലിനിക് തുടങ്ങി സാധാരണ രോഗങ്ങൾക്കും സ്ഥിരം മരുന്ന് കഴിക്കുന്നവർക്കും ചികിത്സ ലഭ്യമാക്കുന്നതിനായാണ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ജീവനക്കാരെ നിയമിക്കുന്നതിന് നഗരസഭ നടപടി തുടങ്ങിയിട്ടുണ്ട്. ക്ലിനിക്ക് തുടങ്ങുന്നത് പ്രദേശത്തുകർക്ക് ഏറെ ഗുണം ചെയ്യും. ഇതൊനൊപ്പം അനുവദിച്ച മറ്റു നഗരസഭകളിലെല്ലാം ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ ഒന്നും പോലും ഇത് വരെ തുടങ്ങിയിട്ടില്ല.

error: Content is protected !!