തേഞ്ഞിപ്പലം : മാപ്പിള കലകളിലെ തങ്ങളുടെ ആധിപത്യം തെളിയിച്ചുകൊണ്ട് പി. എസ്. എം. ഒ കോളേജ് ഈ വർഷത്തെ ഇന്റർസോൺ കലോത്സവത്തിൽ കോൽക്കളിയിൽ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കാലിക്കറ്റ് സർവകലാശാലയിൽ വച്ച് നടന്ന കലോത്സവത്തിൽ വേദി 1- ലാണ് വാശിയേറിയ കോൽക്കളി മത്സരം അരങ്ങേറിയത്.
മാപ്പിള കലകളിൽ ഏറ്റവും ജനപ്രീതിയുള്ള ഇനങ്ങളിൽ ഒന്നായ കോൽക്കളി വർഷങ്ങളായി പി. എസ്. എം. ഒ യുടെ കുത്തകയാണ്.
ഷംസദ് എടരിക്കോട് രചിച്ച ‘മാപ്പിള മലബാറ് ‘ എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് പി. എസ്. എം. ഒ യുടെ കോൽക്കളിയ്ക്ക് തുടക്കമായത്.
മഹറൂഫ് കോട്ടക്കൽ, റിയാസ് മണമ്മൽ എന്നിവരുടെ പരിശീലനത്തിലാണ് ഈ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്. മാപ്പിളപ്പാട്ടിന്റെ ഈരടികൾക്കൊത്ത് ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാഞ്ഞും ചെരിഞ്ഞും മറിഞ്ഞടിച്ചും ചുവടുകൾ വെച്ച് ദ്രുത ഗതിയിലേക്ക് കൊട്ടിക്കയറിയപ്പോൾ സദസ്സിൽ നിന്നും ആവേശത്തിന്റെ ഹർഷാരവം മുഴങ്ങി.
പ്രേക്ഷകരുടെ മികച്ച പ്രോത്സാഹനം മത്സരാർഥികൾക്കും ആവേശം പകർന്നു.
ദീർഘനാളത്തെ നിരന്തരമായ പരിശീലനമാണ് വിജയത്തിന് പിന്നിലെന്ന് കോളജിലെ ഫൈൻ ആർട്സ് കോർഡിനേറ്റർമാരായ അജ്മൽ, ഹസീബ് എന്നിവർ സാക്ഷ്യപ്പെടുത്തി.
കോൽക്കളി മത്സരം ഉയർന്ന നിലവാരം പുലർത്തി എന്ന് വിധികർത്താകൾ അഭിപ്രായപ്പെട്ടു.