തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് വീണ്ടും അംഗീകാരം.
ലോകാരോഗ്യ സംഘടന നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് ഗർഭിണികൾക്ക് പൂർണ്ണ സംരക്ഷണവും പരിഗണനയും നൽകി പ്രസവ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാതൃ -ശിശു സൗഹൃദ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡിനാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാനത്ത് മൊത്തം പതിനേഴ് ഗവ: ആശുപത്രികളെയും ഇരുപത്തിയേഴ് സ്വകാര്യ ആശുപത്രികളെയുമാണ് പരിഗണിച്ചത്. ഇതിൽ ഗവൺമെന്റ് സ്ഥാപനങ്ങളിൽ താലൂക്ക് ആശുപത്രി വിഭാഗത്തിൽ 95 പോയിന്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് ലഭിച്ചാണ് അംഗീകാരം നേടിയത്.
ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി പി.ആർ. ഒ. ജിനിഷ, ഹെഡ് നഴ്സ് ജയശ്രീ, ലാബ് ടെക്നീഷ്യൻ വിദ്യ, ഫാർമസിസ്റ്റ് ഷാഫി, ലേബർ റൂം സ്റ്റാഫ് നഴ്സ് ഷീജ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. എൻ. എച്ച്. എം. ആരോഗ്യ മിഷൻ ഡയറക്ടർ ജീവൻ ബാബു ഐ.എ. എസ് ചടങ്ങിൽ അദ്ധ്യക്ഷ്യം വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: റീന, മലപ്പുറം ഡി.പി.എം. ഡോ: അനൂപ്, ക്വാളിറ്റി ഓഫീസർ വിഷ്ണു സംബന്ധിച്ചു. നേരത്തെ സംസ്ഥാന തലത്തിൽ തന്നെ രോഗി സൗഹൃദ സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കായ കൽപ്പ അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.