തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും.
ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്.