Thursday, September 18

പീഢന പരാതി വ്യാജം ; സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും : നിവിന്‍ പോളി

കൊച്ചി : തനിക്കെതിരായ പീഢന പരാതി വ്യാജമാണെന്ന് നടന്‍ നിവിന്‍ പോളി. പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് എഫ്‌ഐആര്‍ ഇട്ടതിന് പിന്നാലെ കൊച്ചിയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേസ് അതിന്റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്റെ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി പറഞ്ഞു.

ഒന്നരമാസം മുന്‍പ് പൊലീസ് അവസാനിപ്പിച്ചുവെന്ന് പറഞ്ഞ പരാതി ഇത്തരത്തില്‍ വരണമെങ്കില്‍ അതിന് ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് നിവിന്‍ പറഞ്ഞത്. ഇത് സത്യമല്ലെന്ന് തെളിയിക്കാന്‍ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം. ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ഇങ്ങനെ കാര്യങ്ങള്‍ സംസാരിച്ച് ശീലമില്ല. ഒരുപാട് സംസാരിച്ച് ശീലമുള്ള ആളല്ലെന്നും നിവിന്‍ പോളി പറഞ്ഞു.

വേണ്ടിവന്നാല്‍ വീണ്ടും മാധ്യമങ്ങളെ കാണും. സത്യം അല്ലെന്ന് തെളിഞ്ഞാലും എന്റെ കൂടെ നില്‍ക്കണം. അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നിവിന്‍ പോളി പറഞ്ഞു. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാര്‍ത്ത നല്‍കുന്നതില്‍ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ചിട്ട് കൊടുത്താല്‍ നല്ലതാകും. എന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100 ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത് എന്നും നിവിന്‍ പോളി പറഞ്ഞു.

error: Content is protected !!