ട്രെയിനില്‍ തീവെപ്പ് : പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് കണ്ണൂരില്‍ നിന്നും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫി പൊലീസ് കസ്റ്റഡിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഷാറൂഖ് സെയ്ഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്.

ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന നിര്‍ണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. കാലിന് പൊള്ളലേറ്റയാള്‍ ഇന്ന് പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളോട് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ പുറത്തുപോവുകയായിരുന്നു. ഇയാള്‍ കണ്ണൂര്‍ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നല്‍കിയത്. എന്നാല്‍ അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐഎംഇഎ കോഡില്‍ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാള്‍ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ നോയിഡ സ്വദേശിയാണെന്ന് സൂചന നല്‍കുന്ന വിവരങ്ങള്‍ ഇയാളുടെ ഡയറി കുറിപ്പില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു.

error: Content is protected !!