തെങ്ങിന് തടമെടുക്കുമ്പോൾ വീട്ടുവളപ്പിൽ ‘നിധി’, മനസ്സ് മഞ്ഞളിക്കാതെ തൊഴിലുറപ്പ് തൊഴിലാളികളും വീട്ടുകാരും

പൊന്മള മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നു സ്വർണ്ണ നിധി കണ്ടെത്തി. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്.

മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്ന നിധി. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്.

ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. തുടർന്ന് പോലീസ്സ്റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചശേഷം ലോഹപ്പെട്ടിയുൾപ്പെടെയുള്ള വസ്തുക്കൾ ഭൂവുടമ കാർത്ത്യായനിയുടെ മകൻ പുഷ്പരാജിന്റെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസ് ജീവനക്കാർ ജില്ലാ സിവിൽസ്റ്റേഷനിലെ ട്രഷറിയിൽ ഏൽപ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.

ഉച്ചയോടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധി കിട്ടുന്നത്. സ്വർണ്ണ നിധി കിട്ടുമ്പോൾ ഉടമസ്ഥരായ വീട്ടുകാർ അവിടെ ഉണ്ടായിരുന്നില്ല. അന്നന്നത്തെ അന്നത്തിനായി തൊഴിലെടുക്കുന്നവരാണെങ്കിലും നിധി കണ്ട് അവർക്ക് മനസ്സ് മഞ്ഞളിച്ചില്ല, പറമ്പിന്റെ ഉടമസ്ഥരെ ഏൽപ്പിക്കാൻ തീരുമാനിച്ചു.

കാലിവളർത്തിയും കൃഷി ചെയ്തും ജീവിക്കുന്ന വീട്ടഉടമ വിധവയായ കാർത്യായനിയും അത് മോഹിച്ചില്ല. അധികൃതർക്ക് കൈമാറുകയായിരുന്നു.

error: Content is protected !!