ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആധാര്‍ അധിഷ്ഠിതമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണം ; സിപിഐഎം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആധാര്‍ അധിഷ്ഠിതമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സിപിഐഎം. കേന്ദ്രസര്‍ക്കാറിന്റെ ഈ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട് കേന്ദ്രം പുലര്‍ത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധമായും ആധാര്‍ അധിഷ്ഠിതമാക്കിയിരിക്കയാണ്. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. നിയമപ്രകാരം ഏതൊരു ഗ്രാമീണ തൊഴിലാളിക്കും തൊഴില്‍ കാര്‍ഡിന് അവകാശമുണ്ട്. ഏതൊരു തൊഴില്‍ കാര്‍ഡുടമയ്ക്കും വര്‍ഷം കുറഞ്ഞത് 100 ദിവസത്തെ തൊഴിലിന് അവകാശമുണ്ട്. ആധാര്‍ അധിഷ്ഠിത വേതന വിതരണത്തിനായി തൊഴില്‍ കാര്‍ഡുടമയെ യോഗ്യര്‍, അയോഗ്യര്‍ എന്നിങ്ങനെ രണ്ടായി സര്‍ക്കാര്‍ തിരിച്ചിരിക്കയാണ്. കഴിഞ്ഞ മൂന്നവര്‍ഷ കാലയളവില്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും തൊഴിലെടുക്കാത്തവരെല്ലാം സര്‍ക്കാര്‍ മാനദണ്ഡപ്രകാരം അയോഗ്യരാണ്. സര്‍ക്കാര്‍ കണക്കുപ്രകാരം 25.25 കോടി കാര്‍ഡുടമകളില്‍ 14.35 കോടി പേര്‍ മാത്രമാണ് യോഗ്യരായുള്ളത്. ശേഷിച്ചവരെയെല്ലാം അയോഗ്യരായി തള്ളിയെന്നും സിപിഐഎം പറഞ്ഞു.

14.35 കോടി യോഗ്യരായ കാര്‍ഡുടമകളുടെ കാര്യത്തില്‍ തന്നെ 1.8 കോടി പേര്‍ക്ക് (12.7 ശതമാനം) ഇനിയും ആധാര്‍ അധിഷ്ഠിയ സംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്കും ഇനി മുതല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കില്ല. ഗ്രാമീണ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലെയും മോശം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് തൊഴിലാളികള്‍ പുറത്താക്കപ്പെടാന്‍ കാരണം. തൊഴിലുറപ്പ് നിയമത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടി. സാങ്കേതികത ആയുധമാക്കി നിയമപരമായ അവകാശങ്ങളെ പോലും മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ആധാര്‍ അധിഷ്ഠിത വേതനവിതരണം നിര്‍ബന്ധമാക്കിയ നടപടിയില്‍ നിന്നും പിന്തിരിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

error: Content is protected !!