ഓൺലൈൻ വഴി പഴയ ടേപ്പ് റിക്കോർഡർ വിൽക്കാൻ ശ്രമിച്ചു; 2000 രൂപ നഷ്ടമായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി സി.പി.മുഹമ്മദ് ഇസ്ഹാഖ് പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനാണു ഓൺലൈൻ പ്ലാറ്റ് ഫോമിലൊരു പോസ്റ്റിട്ടത്. ടേപ്പ് റിക്കോർഡർ വിറ്റു പോയില്ലെന്നു മാത്രമല്ല, സ്വന്തം പോക്കറ്റിൽ നിന്നു 2000 രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇസ്ഹാഖിന്റെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. 

പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനുണ്ടെന്നു കാണിച്ചു കഴിഞ്ഞ ദിവസമാണു ഇസ്ഹാഖ് പോസ്റ്റിട്ടത്.1250 രൂപയാണു വിലയായി നൽകിയിരുന്നത്. തൊട്ടുപിന്നാലെ വിളിയെത്തി. ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കുന്നയാൾ കേരളത്തിൽ നിന്നു തന്നെയാണു വിളിക്കുന്നതെന്നാണു അറിയിച്ചത്. അധികം വൈകാതെ അക്കൗണ്ടിലേക്കു 1250 രൂപ കൈമാറിയെന്ന സന്ദേശം ലഭിച്ചു. തൊട്ടു പിന്നാലെ അക്കൗണ്ട് മാറി 2000 രൂപ അയച്ചു അത് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഒരു സന്ദേശംകൂടി ലഭിച്ചു.

ഇസ്ഹാഖ് 2000 രൂപ മടക്കി നൽകി. മിനിറ്റുകൾക്കകം മറ്റൊരു സന്ദേശം കൂടിയെത്തി. ആളുമാറി 4000 അയച്ചുപോയി. ദയവായി തിരിച്ചുനൽകണം. ഇതോടെ, ഇസ്ഹാഖിനു സംശയം തോന്നി. ഉടൻ അക്കൗണ്ട് പരിശോധിച്ചു. ഒരു പൈസ പോലും വന്നിട്ടില്ലെന്നു മാത്രമല്ല, 2000 രൂപ നഷ്ടപ്പെടുകയും ചെയ്തതായി കണ്ടെത്തി. തട്ടിപ്പു മനസ്സിലാക്കി ഉടൻ സൈബർ പൊലീസിൽ പരാതി നൽകി.

error: Content is protected !!