ട്രോളിങ് നിരോധനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ പൂര്‍ണ സജ്ജീകരണം. കേരള മറെന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം 52 ദിവസത്തേക്കുള്ള ട്രോളിങ് നിരോധനം നാളെ (ജൂണ്‍ ഒന്‍പത്) അര്‍ദ്ധരാത്രി നിലവില്‍ വരും. കടലിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതായുള്ള മത്സ്യബന്ധന നിയന്ത്രണങ്ങള്‍ നല്ല നിലയില്‍ നടപ്പാക്കാന്‍ എല്ലാനടപടികളും പൂര്‍ത്തിയാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍ പറഞ്ഞു.ഉപരിതല മത്സ്യ ബന്ധനത്തിന് തടസമില്ലാത്ത സാഹചര്യത്തില്‍ ചെറുവള്ളങ്ങള്‍ക്ക് കടലില്‍ പോവാം. എന്നാല്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് വിലക്കുള്ളതിനാല്‍ വലിയ ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയാന്‍ ആവശ്യമായ നടപടികളാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വലിയ വള്ളങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ഔദ്യോഗികമായി തന്നെ ഡീസല്‍ ബങ്ക് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഫിഷറീസ് ഡി.ഡി വ്യക്തമാക്കി. അസിസ്റ്റന്‍ഡ് ഡയറക്ടര്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ്, റെസ്‌ക്യൂ ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ കടല്‍ പട്രോളിങ് നടത്തും.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എം.എഫ്.ആര്‍ ആക്ട് പ്രകാരം ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴ ചുമത്തും.
ഏപ്രില്‍ മുതല്‍ ജില്ലയില്‍ നിലവില്‍ വന്ന ഫിഷറീസ് സ്റ്റേഷനുകളാണ് നിരോധന നടപടികളുടെ നിയന്ത്രണവും ഏകോപനവും നിര്‍വഹിക്കുക. ഫിഷറീസ് സ്റ്റേഷന്റെ പ്രധാന ചുമതല അസിസ്റ്റന്‍ഡ് ഡയറക്ടര്‍ക്കാണ്. ഫിഷറീസ് സ്റ്റേഷന്‍ നടത്തിപ്പിന് മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശ പോലീസ്, ലോക്കല്‍ പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെയും സഹായമുണ്ടാകും. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ രക്ഷപ്പെടുത്തുന്നതിനായി ഫിഷറീസ് സ്റ്റേഷനുകള്‍ രണ്ട് വള്ളങ്ങളും, ഒരു ഫൈബര്‍ ബോട്ടും സജ്ജീകരിച്ചിട്ടുണ്ട്. താനൂര്‍, പൊന്നാനി ഹാര്‍ബറുകളിലുമായിട്ടാണ് നിലവില്‍ ഇവയുള്ളത്. ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്ന ചെറുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസുകളും മോക്ക് ഡ്രിലും ഫിഷറീസ് വകുപ്പ് ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ബോധവത്കരണം. ജില്ലയിലെ 70 കിലോമീറ്റര്‍ തീരദേശ പ്രദേശത്ത് മൈക്ക് അനൗണ്‍സ്മെന്റുകള്‍ ജൂണ്‍ എട്ട് മുതല്‍ ആഴ്ച്ചകള്‍ ഇടവിട്ട് നടത്തുമെന്നും സാഗര്‍ മിത്ര വഴി നോട്ടീസുകള്‍ വിതരണം ചെയ്തതായും കടലില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് ദിശയറിയാനായി രണ്ട് സിഗ്‌നല്‍ ലൈറ്റുകള്‍ താനൂര്‍, കടലുണ്ടി സ്ഥാപിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍ പറഞ്ഞു. കടലില്‍ പോകുന്നവര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണം, കാലാവസ്ഥ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നീ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. ഫോണ്‍: 0494-2667428