മണല്‍ മാഫിയ സംഘത്തിലെ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി

അരീക്കോട്: അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മണല്‍കടത്ത് നടത്തി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്ക് എതിരെ കാപ്പ ചുമത്തി നാടുകടത്തി. മൂര്‍ക്കനാട് സ്വദേശിക്കളായ നൊട്ടന്‍ വീടന്‍ അബ്ദുസ്സലാമിന്റെ മകന്‍ ഷഫീഖ് (33),ഊര്‍ങ്ങാട്ടിരി കുഴിയേങ്ങല്‍ വീട്ടില്‍ അബ്ദുള്‍ കരീം മകന്‍ മെഹ്ബൂബ് (30) എന്നിവര്‍ക്കെതിരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസിന്റെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ റേഞ്ച് ഡെപ്പ്യൂട്ടി ഇന്‍സ്റ്റ്‌പെക്ടര്‍ ജനറലിന്റെ അധിക ചുമതലയുള്ള ഉത്തര മേഖലാ പോലീസ് ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഐ.പി.എസാണ് ഉത്തരവിറക്കിയത്. ആറ് മാസക്കാലത്തേയ്ക്കാണ് ഇവര്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവില്‍ വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നതും, മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.

ജില്ലയില്‍ അനധികൃത മണല്‍ കടത്ത് നടത്തുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസ് അറിയിച്ചു.

error: Content is protected !!