നന്നമ്പ്ര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം

നന്നമ്പ്ര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 11 സീറ്റിലും യു ഡി എഫ് വൻ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായി മുസ്ലിം ലീഗിന് ഇത്തവണ ഒരു വനിതാ ഡയറക്ടറേയും ലഭിച്ചു.
അബ്ദുൽ ഹമീദ് എന്ന ബാവ തറാല,
പി.പി മുനീർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞു കണ്ണാട്ടിൽ, രവീന്ദ്രൻ പാറയിൽ, സജിത്ത് കാച്ചീരി, സിദ്ധിഖ് തെയ്യാല,
റഹീം മച്ചിഞ്ചേരി, ബീന എൻ,
മുബീന വി.കെ,
വേലായുധൻ എടപ്പരുത്തിയിൽ.
ഹമീദ് കെ.കെ, (എല്ലാവരും കോണ്ഗ്രസ്), വി കെ മുബീന (മുസ്ലിം ലീഗ്) എന്നിവരാണ് വിജയിച്ചത്. എല്ലാവർക്കും 1300 ലേറെ വോട്ട് ഭൂരിപക്ഷം ഉണ്ട്. എൽ ഡി എഫ് സ്ഥാനാര്ഥികൾക്ക് നൂറിൽ താഴെ വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 100 വോട്ടിലേറെ അസാധുവായി.

എൻ അനിൽകുമാർ, സജിത കുറുപ്പത്ത് (കണ്ണമ്പള്ളി) എന്നിവർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രൂപീകരണം മുതൽ കോണ്ഗ്രസിന്റെ കൈവശത്തിലുള്ളതാണ് നന്നമ്പ്ര ബാങ്ക്. കുറെ കാലമായി കോണ്ഗ്രസിലെ ഐ വിഭാഗം ആണ് ബാങ്ക് ഭരണത്തിലുള്ളത്. പഞ്ചായത്തിൽ യു ഡി എഫ് മുന്നണിയായതിനാൽ ബാങ്ക് ഭരണസമിതിയിൽ ലീഗ് സീറ്റ് ചോദിച്ചെങ്കിലും നൽകാൻ ഐ വിഭാഗം തയ്യാറായില്ല. ഇതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി.മൂസക്കുട്ടിയുടെ നേതൃത്വത്തിൽ ഉള്ള കോണ്ഗ്രസ് എ (വി എസ് ജോയ്) വിഭാഗവുമായി ചേർന്ന് മത്സരിക്കാൻ തീരുമാനിക്കുകയും നോമിനേഷൻ നൽകുകയും ചെയ്തു. ലീഗ് 5 സീറ്റിലും കോണ്ഗ്രസ് 4 സീറ്റിലുമാണ് പത്രിക നൽകിയത്. പഞ്ചായത്തിലെ പ്രബല വിഭാഗം ആയിട്ടും മണ്ഡലം പ്രസിഡന്റ് സ്ഥാനമോ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ സ്ഥാനമോ ഐ വിഭാഗത്തിൻ ഇല്ല എന്നതാണ് അവരുടെ നിലപാടിന് കാരണം. ഐ വിഭാഗത്തിന് ലഭിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് സ്ഥാനം തിരിച്ചെടുത്ത് ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിന് നൽകുകയായിരുന്നു. പഞ്ചായത്ത് യു ഡി എഫ് ചെയർമാനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വി എസ് ജോയ് വിഭാക്കാരനായ എൻ വി മൂസക്കുട്ടിയാണ്.

ലീഗിന് സീറ്റ് നൽകാത്തതിനാൽ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയിലുള്ള 5 ഐ വിഭാഗങ്ങളെയും മാറ്റാനും വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐ വിഭാഗത്തെ യു ഡി എഫിൽ ഉൾപ്പെടുത്തില്ലെന്നു അറിയിക്കാനും ലീഗ്‌ തീരുമാനിച്ചു. ഇക്കാര്യം ജില്ലാ യു ഡി എഫ് ചെയർമാൻ പി ടി അജയ് മോഹനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ ലീഗിന്റെ മുൻ ഭരവാഹികളിൽ ചിലരെ ഉപയോഗിച്ച് ലീഗിന്റെ സ്ഥാനാർഥികളെ പിൻ വലിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാൽ ലീഗ് പഞ്ചായത്ത് ഭാരവാഹികൾ മത്സരത്തിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചതോടെ ഇത് പാളിപ്പോയി. പി ടി അജയമോഹൻ , കെ പി എ മജീദ് എം എൽ എ യെയും മണ്ഡലം ജനറൽ സെക്രട്ടറി കെ.കുഞ്ഞിമരക്കാറിനയും ബന്ധപ്പെട്ട് ഒരിക്കൽ കൂടി ചർച്ച നടത്താൻ അഭ്യർഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ് ലീഗിന് ഒരു വനിതാ സീറ്റ് നൽകാമെന്ന് കോണ്ഗ്രസ് അറിയിച്ചത്. ഇതോടെ ലീഗ് എ ഗ്രൂപ്പിനെ വിട്ട് ഐ ഗ്രൂപ്പിനൊപ്പം ചേർന്ന് യു ഡി എഫായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോണ്ഗ്രസ് പട്ടികയിൽ ഉണ്ടായിരുന്ന നൂർജഹാനെ മാറ്റിയാണ് ലീഗിന് സീറ്റ് നൽകിയത്. ലീഗിന്റെ 4 സ്ഥാനാര്ഥികളിൽ 3 പേരെ മരവിപ്പിക്കുകയും ചെയ്തു. ഇതോടെ വെട്ടിലായ എ വിഭാഗം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ദീർഘകാലം ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ പി ഹൈദ്രോസ് കോയ തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 3 തവണ ഭരണ സമിതിയിൽ ഉണ്ടായിരുന്നവർ മാറി നിൽക്കണമെന്ന് നിയമം വന്നതിനാൽ ഇദ്ദേഹത്തിന് മത്സരിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇദ്ദേഹം ആയിരുന്നു. യു ഡി എഫിന്റെ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പ്രധാന കാരണവും ഇദ്ദേഹം ആണെന്നാണ് യു ഡി എഫ് വിലയിരുത്തൽ.

ഇന്ന് നടന്ന വോട്ടെടുപ്പിൽ വമ്പൻ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് യു ഡി എഫ് നേതൃത്വം. ആഹ്ലാദ പ്രകടനത്തിന് കെ പി ഹൈദ്രോസ്കോയ തങ്ങൾ , യു വി അബ്ദുൽ കരീം, രവി നായർ കൊല്ലംചേരി , പി കെ എം ബാവ, അഡ്വ പി പി മുനീർ , ഊർപ്പായി മുസ്തഫ, കെ.ബാവ, പനയത്തിൽ ജാഫർ,

സലിം പൂഴിക്കൽ , ലത്തീഫ് കൊടിഞ്ഞി, നടുത്തൊടി മുസ്തഫ , എൻ അബ്ദുസ്സലാം
തുടങ്ങിയവർ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി

error: Content is protected !!