രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഇന്ന് രാത്രി 9 .45 നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ പ്രശ്നങ്ങളുള്ള അറുപത് വയസിനു മുകളിലുള്ളവർക്കും കോവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കുട്ടികളുടെ വാക്സിൻ ജനുവരി മൂന്ന് മുതലും ബൂസ്റ്റർ വാക്സിൻ ജനുവരി ജനുവരി പത്തുമുതലുമാണ് വിതരണം ചെയ്യുക.
രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം. ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. നേരിടാൻ രാജ്യം സജ്ജമാണ്. വ്യാപനത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിക്കണം. കുട്ടികൾക്കായി 90,000 കിടക്കകൾ തയാറാണ്. ആവശ്യത്തിന് വാക്സിൻ കരുതൽ ശേഖരമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ 90 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഓക്സിജൻ സൗകര്യമുള്ള അഞ്ചു ലക്ഷം കിടക്കകൾ രാജ്യത്തുണ്ടെന്നും മോദി പറഞ്ഞു.തദ്ദേശീയമായി വികസിപ്പിച്ച നേസൽ വാക്സിനും ഡിഎന്‍എ വാക്സിനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.