വന്ദേഭാരതിനു തിരൂര്‍ സ്റ്റോപ്പില്ല,റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം

തിരൂര്‍ : വന്ദേഭാരതിനു സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം. ‘ജില്ലയെ കേന്ദ്രസര്‍ക്കാരും റെയില്‍വേയും അവഗണിക്കുകയാണെന്നായിരുന്നു എല്ലാ സമരത്തിലെയും പ്രധാന മുദ്രാവാക്യം’. രാവിലെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയാണ് സമരവുമായി ആദ്യമെത്തിയത്. പ്രകടനം സ്റ്റേഷനു മുന്‍പില്‍ പൊലീസ് തടഞ്ഞു. സമരം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ആധ്യക്ഷ്യം വഹിച്ചു. മുസ്തഫ അബ്ദുല്‍ ലത്തീഫ്, വെട്ടം ആലിക്കോയ, ഫൈസല്‍ ബാബു, സലാം ആതവനാട്, ഷരീഫ് വടക്കയില്‍, നിഷാജ് എടപ്പറ്റ, ടി.പി.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണ് പിന്നീട് സമരവുമായി വന്നത്. ‘വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ തട്ടകത്തിലെ സ്റ്റോപ്പാണു റെയില്‍വേ എടുത്തു കളഞ്ഞതെന്നതു നാണക്കേടാണെന്ന് ‘സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം സ്റ്റേഷനു മുന്‍പില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.പി.രാജീവ്, എ.എം.രോഹിത്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.ഇഫ്തിഖാറുദ്ദീന്‍, ഒ.രാജന്‍, യാസര്‍ പൊട്ടച്ചോല, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ഉമറലി കരേക്കാട്, പി.ടി.ഷഹനാസ്, പി.ലിജേഷ്, നാസില്‍ പൂവില്‍, ഷാജു കാട്ടകത്ത് എന്നിവര്‍ പ്രസംഗിച്ചു

സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സിപിഎം ഏരിയ കമ്മിറ്റിയും പ്രതിഷേധവുമായി എത്തി. ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പി.ഹംസക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. കെ.നാരായണന്‍, കെ.വി.സുധാകരന്‍, യു.സൈനുദ്ദീന്‍, ടി.ദിനേശ്കുമാര്‍, എം.ബഷീര്‍, എസ്.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

ഡിവൈഎഫ്‌ഐയും ശനിയാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലേക്കു സമരം നടത്തിയിരുന്നു. ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.നൗഫല്‍ ആധ്യക്ഷ്യം വഹിച്ചു. പി.സുമിത്ത്, കെ.ശിവാനന്ദന്‍, സൈനുല്‍ ആബിദ്, കെ.അഭിജിത്ത്, മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലും പ്രതിഷേധവുമായി എംഎല്‍എമാരും രാഷ്ട്രീയനേതാക്കളും.’45 ലക്ഷത്തോളം പേര്‍ ഇവിടെ ജീവിക്കുന്നുണ്ട്. മലപ്പുറത്തുള്ളവരും നികുതി കൊടുക്കുന്നവരാണ്. കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും മലപ്പുറം, പൊന്നാനി എംപിമാര്‍ നിജസ്ഥിതി ജനങ്ങളോടു തുറന്നു പറയണമെന്നും കെ.ടി.ജലീല്‍ എംഎല്‍എ ഫെയ്‌സ്ബുക് പേജിലൂടെ ആവശ്യപ്പെട്ടു.

മലപ്പുറത്തെ മാത്രം തടഞ്ഞത് കടുത്ത അനീതിയാണെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വരുമാനത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലുള്ള തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ 13 ശതമാനത്തോളം ജനങ്ങളെ അവഗണിക്കുന്നതിനു തുല്യമാകുമെന്നാണു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി കുറിച്ചത്. സാധാരണക്കാരായ ജനങ്ങളും സമൂഹമാധ്യമത്തില്‍ ഇത് വലിയ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്.

വന്ദേഭാരത് എക്‌സ്പ്രസിനു തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷനു മുന്‍പില്‍ നാളെ യുഡിഎഫ് ജില്ലാ കമ്മിറ്റി ഉപരോധ സമരം നടത്തും. രാവിലെ 9.30ന് സമരം ആരംഭിക്കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ തിരൂരില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഡിഎഫിന്റെ ഉപരോധം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എംഎല്‍എയും ആവശ്യപ്പെട്ടു.

സ്വീകരണത്തിനായി ഉദ്ഘാടന ദിവസം വന്ദേഭാരത് തിരൂരില്‍ നിര്‍ത്തും. 25ന് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നത്. അന്ന് പരമാവധി ഇടങ്ങളില്‍ സ്വീകരണം ഏര്‍പ്പാടാക്കാനാണു തിരൂരിലും നിര്‍ത്തുന്നത്.

error: Content is protected !!