പക്ഷികളുടെ പറുദീസയായി വെഞ്ചാലി ആമ്പൽ പാടം

തിരുരങ്ങാടി: വിദേശികളും സ്വദേശികളുമായ പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ചെറുമുക്കിലെ ആമ്പൽ പാടം. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ചുവന്ന ആമ്പൽ കാണാൻ വരുന്ന സന്ദർശകർക്ക് ആമ്പലിൻ്റെ സൗന്ദര്യത്തിനു പുറമേ നയനാനന്ദകരമായ കാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പക്ഷിക്കൂട്ടങ്ങൾ.
ചെറുമുക്ക്, കൊടിഞ്ഞി ഭാഗങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന, നൂറേക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നീർപ്പക്ഷികളും ശൈത്യകാല സന്ദർശകരായ വിദേശ പക്ഷികളുമടക്കം 70ലേറെ പക്ഷികളെയാണ് കാണപ്പെടുന്നത്.
പക്ഷി നിരീക്ഷകരായ ഡോ. ബിനു ചുള്ളക്കാട്ടിൽ, കബീറലി പി എന്നിവർ പലപ്പോഴായി ഇവിടെ നടത്തിയ സർവ്വേയിൽ നീർപ്പക്ഷികളായ ചേരക്കോഴി, വെള്ള അരിവാൾ കൊക്കൻ എന്നിവയെ ജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമായി ചെറുമുക്ക്- വെഞ്ചാലി പാടശേഖരങ്ങളെ തിരിച്ചറിഞ്ഞിരുന്നു.

ദേശാടനപ്പക്ഷികളായ
വെള്ളക്കൊക്കൻ കുളക്കോഴി, തവിട്ടു തലയൻ കടൽക്കാക്ക, ചെറിയ കടൽക്കാക്ക, ചാരത്തലയൻ തിത്തിരി, വലിയ പുളളിപ്പരുന്ത്, വരവാലൻ സ്നാപ്പ്, കരി തപ്പി, മഞ്ഞ വാലുകുലുക്കി, കുങ്കുമക്കുരുവി എന്നിങ്ങനെ വളരെ അപൂർവ്വമായും പൊതുവായും കാണപ്പെടുന്ന വിവിധയിനം പക്ഷികളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പാടശേഖരങ്ങൾ.
വനം വകുപ്പിൻ്റെയും, മലപ്പുറം ബേഡേഴ്സിൻ്റെയും ഫ്രണ്ട്സ് ഓഫ് നേച്ചർ എന്ന സന്നദ്ധ സംഘടനയുടെയും സഹായത്തോടെ ചെറുമുക്ക്, വെഞ്ചാലി, കൊടിഞ്ഞി പ്രദേശങ്ങളിലെ പാടശേഖരങ്ങളെ ഉൾക്കൊള്ളിച്ച് ഒരു സമ്പൂർണ്ണ പക്ഷി സർവ്വേ സംഘടിപ്പിച്ച് ഇവിടത്തെ പക്ഷികളുടെ ജൈവ വൈവിധ്യം കാണിക്കുന്ന ഒരു പട്ടിക തയ്യാറാക്കാനൊരുങ്ങുകയാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്ര സേന ക്ലബ്.

error: Content is protected !!