കോഴിക്കോട്: മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ മുസ്ലീം ലീഗില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പുറത്താക്കിയത്. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരം പാര്‍ട്ടി തീരുമാനപ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഇന്ന് ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരാനിരിക്കെയാണ് നടപടി.
ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നാണ് ഹംസ ഉയര്‍ത്തുന്ന കാര്യം. സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെതിരെ കെഎസ് ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം. നേരത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഹംസയെ എല്ലാ പദവിയില്‍ നിന്നും നീക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ഭയന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിജിലന്‍സിനെ ഭയന്ന് പിണറായി വിജയനേയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് ഹംസ ഉയര്‍ത്തിയ വിമര്‍ശനം. മുസ്ലീം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോയെന്ന് വ്യക്തമാക്കണമെന്നും ഹംസ ഉന്നയിച്ചിരുന്നു.
മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ ഇന്ന് കോഴിക്കോട് ചേരും. പുതിയ സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട എങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആര് എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. നിലവിലെ ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുടരാനാണ് സാധ്യത എങ്കിലും എംകെ മുനീറിന്റെ പേരും പരിഗണനയിലുണ്ട്. സെക്രട്ടറിയേറ്റിലേക്ക് ഇക്കുറി വനിതാ പ്രാതിനിധ്യം ഉണ്ടാകാനും സാധ്യതയുണ്ട്.