മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്ന എപി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. ഏതാനും നാളുകളായി അര്‍ബുധ രോഗബാധിതനായി ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍. ഇന്ന് ഉച്ചയോടെ പാലത്തിങ്ങല്‍ കരുണ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്.
പാണക്കാട് തങ്ങള്‍മാരുമായുള്ള ബന്ധത്തിലൂടെയാണ് എപി ഉണ്ണികൃഷ്ണന്‍ മുസ്ലിം ലീഗുമായി അടുക്കുന്നത്. മുസ്ലിം ലീഗിന്റെ മതേതര മുഖമായിരുന്നു ഉണ്ണികൃഷ്ണന്‍. മുമ്പ് നന്നമ്പ്ര ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവില്‍ തൃക്കലങ്ങോട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. മുമ്പ് കുന്നമംഗലം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടായിരുന്നു. മികച്ച പ്രഭാഷകനുമായിരുന്നു ഉണ്ണികൃഷ്ണന്‍.
2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗവും പഴയ ജില്ല കൗണ്‍സില്‍ അംഗവുമായിരുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും ദളിത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണന്‍ പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗവുമായിരുന്നു.
ഇന്ന് ഉച്ചയോടെ പാലത്തിങ്ങല്‍ കരുണ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, മുനവറലി ശിഹാബ് തങ്ങള്‍, തിരുരങ്ങാടി സിപിഐഎം ലോക്കല്‍ സെക്രട്ടറി എംപി ഇസ്മായില്‍ യൂ എ റസാഖ്, കര്‍ഷക സംഘം ഭാരവാഹി കെ എം അബ്ദുള്‍ ഗഫൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ, വെസ് പ്രസിഡന്റ്, തുടങ്ങി പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു.
ഭൗതികശരീരം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 4 മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് 5 മണി മുതല്‍ 6 മണി വരെ കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്‌റസയില്‍ പൊതു ദര്‍ശനം. ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പന്‍ചിന കുടുംബ ശ്മാശനത്തില്‍ സംസ്‌കാരം.
ഭാര്യ: സുഷമ, മക്കള്‍ സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.