അണയാത്ത പോരാട്ട വീര്യം ; നൂറിന്റെ നിറവില്‍ വിഎസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ഒന്നിലും കീഴടങ്ങാത്ത സമരതീക്ഷ്ണതകൊണ്ടും ജനകീയതയെ മുറുകെപ്പിടിച്ച നിലപാടുകള്‍കൊണ്ടും ജീവിതത്തെ അത്രമേല്‍ അര്‍ഥപൂര്‍ണമാക്കിയ അദ്ദേഹത്തിന് ഈ ധന്യദിനത്തില്‍ കേരളത്തിന്റെ ഹൃദയാഭിവാദ്യം. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. ജനങ്ങള്‍ക്കൊപ്പമാവണം ഒരു രാഷ്ട്രീയ നേതാവെന്ന അടിസ്ഥാനപാഠം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വിഎസ്, ആ ജനകീയതയാണ് ഒരു നേതാവിന്റെ ഏറ്റവും വിലപിടിപ്പുള്ള നിക്ഷേപമെന്നും അനുഭവങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തോടെ കേരളത്തെ ഓര്‍മിപ്പിക്കുന്നു.

സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. തനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹത്തപ്പോലെ അധികം നേതാക്കളെയൊന്നും കേരളം കണ്ടിട്ടില്ല. വിശ്രമിക്കാത്ത, വിട്ടുകൊടുക്കാത്ത ഈ പോരാട്ടവീര്യംതന്നെയാണ് വിഎസിനെ എക്കാലത്തെയും വ്യത്യസ്തനായ രാഷ്ട്രീയനേതാവാക്കുന്നതും.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. പുന്നപ്രവയലാര്‍ സമരമാണ് വിഎസിനെ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലയിലെ മുന്‍നിരക്കാരനാക്കിയത്. ആ സമരം അദ്ദേഹത്തിനു സമ്മാനിച്ചത് കാല്‍വെള്ളയില്‍ പൊലീസ് ബയനറ്റ് കുത്തിയിറക്കിയതിന്റെ മുറിപ്പാടു മാത്രമല്ല, തീച്ചൂളയില്‍ സ്ഫുടം വരുത്തിയ പ്രത്യയശാസ്ത്രദാര്‍ഢ്യം കൂടിയാണ്. 1957ല്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വിഎസ്, 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിലൊരാളായി; അങ്ങനെ രൂപംകൊണ്ട സിപിഎമ്മിന്റെ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരിലൊരാള്‍. മറ്റൊരാള്‍ രണ്ടു വര്‍ഷംമുന്‍പേ നൂറു വയസ്സിലെത്തിയ, തമിഴ്‌നാട്ടിലെ എന്‍.ശങ്കരയ്യ.

ആലപ്പുഴ വെന്തലത്തറ വീട്ടിലെ ശങ്കരന് 1923 ഒക്ടോബര്‍ 20 നാണ് വിഎസ് പിറന്നത്. നാലാം വയസില്‍ അമ്മ മരിച്ചു. 11 വയസായപ്പോള്‍ അഛനും. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ ബല്‍റ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദന്‍ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.

ചേട്ടന്റെ തയ്യല്‍ക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാന്‍ കഴിയാതായി. പതിനഞ്ചാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ അവിടെയും അവന്‍ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാന്‍ അവന്‍ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസില്‍ പാര്‍ട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ആ ചെറുപ്പക്കാരന്‍ പ്രതിനിധിയായി. അച്ചുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി അയാള്‍ വളര്‍ന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികള്‍ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം കുട്ടനാടിന്റെ വയലേലകളില്‍ കൊടുങ്കാറ്റായി. അച്ചുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാന്‍ ജന്മിമാര്‍ ഉത്തരവിട്ടു. കൊടിയ മര്‍ദ്ദനങ്ങള്‍, ചെറുത്ത് നില്‍പുകള്‍ പ്രതിഷേധങ്ങള്‍ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദീവസങ്ങള്‍ നീണ്ട പോലീസ് മര്‍ദ്ദനം.

മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്ന് അയാല്‍ തിരിച്ച് വന്നു. 1957ല്‍ ആദ്യ സര്‍ക്കാര്‍ വന്നതോടെ അച്ചുതാനന്ദന്‍ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാര്‍ട്ടി പിളര്‍പ്പ്, നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ,വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യന്‍ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവരായി.

നീണ്ട പൊതുപ്രവര്‍ത്തനത്തിനിടെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവയടക്കമുള്ള സമുന്നതപദവികള്‍ വിഎസ് വഹിച്ചു. സിപിഎമ്മിലാകട്ടെ, സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയില്‍ അംഗവുമൊക്കെയായിട്ടുണ്ട് വിഎസ്. തീര്‍ച്ചയും മൂര്‍ച്ചയുമുള്ള നിലപാടുകളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിക്കുതന്നെ അദ്ദേഹം പുതുനിര്‍വചനം തീര്‍ത്തു. രാഷ്ട്രീയം സമരസപ്പെടലിന്റെ വഴിയാണ് എന്ന പൊതുചിന്ത മാറ്റിമറിച്ചുകൊണ്ടാണ് വിഎസ് നിലകൊണ്ടത്. ഏതു സാഹചര്യത്തിലും മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാനും മറന്നില്ല.

മകന്‍ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് വിഎസ് പൊതു വേദ

error: Content is protected !!