വാഫി കലോത്സവം നാളെ ആരംഭിക്കും; പങ്കെടുക്കരുതെന്ന് സമസ്ത, മത്സരിച്ച് പോസ്റ്റിട്ട് ലീഗ് നേതാക്കൾ

ലീഗിനെ പ്രതിസന്ധിയിലാക്കി സമസ്തയുടെ പുതിയ സ‍ർക്കുല‍ർ. കോഴിക്കോട്ട് ഈ മാസം 20, 21 ( നാളെയും മറ്റന്നാളും) തീയ്യതികളിൽ നടക്കുന്ന വാഫി കലോൽസവുമായി സഹകരിക്കരുതെന്ന് സമസ്ത പോഷകസംഘടനകൾക്ക് നിർ‍ദ്ദേശം നൽകി. ലീഗിന്‍റെയും പാണക്കാട് കുടുംബത്തിന്‍റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഹക്കിം ഫൈസി ആദൃശ്ശേരിയാണ് കലോൽസവത്തിന്‍റെ സംഘാടക‍ന്‍.

വാഫി കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നി‍ർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കത്തതിനെച്ചൊല്ലിയാണ് തർക്കം. ലീഗാണ് ആദൃശ്ശേരിക്ക് പിന്നിലെന്നാണ് സമസ്ത കരുതുന്നത്. എന്നാൽ സമസ്തയുടെ വിലക്ക് മാനിക്കാതെ സാദിഖലി തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ, അബ്ബാസലി തങ്ങൾ റശീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പാണക്കട്ടെ ഭൂരിഭാഗം പേരും കലോത്സവത്തിന് ആശംസ നേർന്ന് പോസ്റ്റിട്ടു. കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം മുതൽ, ലീഗിന്റെയും മുഴുവൻ പോഷക സംഘടനകളുടെയും ചെറുതും വലുതുമായ എല്ലാ നേതാക്കളും പോസ്റ്റിട്ടിട്ടുണ്ട്. ഇതിന് പുറമെ വനിത നേതാക്കളും പോസ്റ്റിട്ടിട്ടുണ്ട്. സമസ്ത പങ്കെടുക്കരുതെന്ന് പറഞ്ഞപ്പോൾ, പരിപാടി വിജയിപ്പിക്കാൻ ക്യാമ്പയിൻ പോലെയാണ് ഒരു വിഭാഗം ലീഗ് നേതൃത്വത്തിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ.

സാംസ്കാരിക കൈരളിയുടെ ചരിത്രത്തിലെ മഹത്തായ ഏടാണ് പരിപാടിയെന്ന് മുനവ്വറലി തങ്ങൾ ആശംസയിൽ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഹക്കിം ഫൈസി നേതൃത്വം നൽകുന്ന സിഐസി എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തെ പൂർണ്ണമായും തള്ളിപ്പറയുകയാണ് സമസ്ത .

പാണക്കാട് സാദിഖലി തങ്ങളുടെ മുൻകൈയിൽ സമസ്ത നേതൃത്വം മുന്നോട്ട് വെച്ച എല്ലാ സമവായ നീക്കങ്ങളും സിഐസി തള്ളി കളഞ്ഞു എന്നാണ് ആക്ഷേപം. പാണക്കാട് കുടുംബത്തിന്‍റെയും ലീഗിലെ വലിയൊരു വിഭാഗത്തിന്‍റെയും പിന്തുണയോടെ കൂടിയാണ് ആദൃശ്ശേരി ഹക്കീം ഫൈസിയുടെ നേതൃത്വത്തിലുള്ള ഈ നീക്കമെന്ന് സമസ്ത നേതാക്കൾ കരുതുന്നു. സമസ്തയുടെ യുവജന വിദ്യാർത്ഥി വിഭാഗങ്ങൾ സിഐസി ക്കെതിരെ നൽകിയ പരാതികളിലാണ് ഇപ്പോൾ മുശാവറയുടെ സർക്കുലർ.

സമസ്ത പ്രസിഡന്റിനെ സി ഐ സി കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ഭരണഘടന പരിഷ്കരിച്ചതോടെയാണ് സമസ്തയും വാഫിക്ക് നേതൃത്വം നൽകുന്ന സി ഐ സി കമ്മറ്റിയും ഇടഞ്ഞത്. വഖഫ് നിയമന വിഷയത്തിൽ ജിഫ്രി തങ്ങൾ ലീഗിനെ പ്രതിസന്ധിയിലാക്കിയതോടെയാണ് ഈ മാറ്റം എന്നാണ് സമസ്തയിലെ ഒരു വിഭാഗം കരുതുന്നത്. ഇതേ തുടർന്ന് സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ വാഫിയുടെ പരസ്യം നിരസിച്ചു. മറ്റു പ്രമുഖ മധ്യമങ്ങളിലെല്ലാം പരസ്യം കൊടുത്തെങ്കിലും സുപ്രഭാതം കൊടുക്കാത്തത് വലിയ ചർച്ചയായി. സി ഇ ഒ മുസ്തഫ മുണ്ടുപറയുമായി ഇക്കാര്യം ഫോണിൽ സംസാരിക്കുന്നതിന്റെ റെക്കോർഡ് മറുവിഭാഗം പ്രചരിപ്പിച്ചു. പ്രശനം രൂക്ഷമായതോടെ സാദിഖലി തങ്ങൾ ഇടപെട്ടു. ഇതിനിടെ ഹകീം ഫൈസിക്കെതിരെ സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ പേരിലുള്ള കത്ത് സമസ്തയിലെ മറുവിഭാഗം നേതാക്കൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇത് സോഷ്യൽ മീഡിയയിലെ പരസ്യ പോരിന് ഇടയാക്കി. പോസ്റ്റിട്ട നേതാക്കളുടെ ചില നടപടികൾ വാഫി അനുകൂലികളും പരസ്യപ്പെടുത്തി. ഇതോടെ വാഫി അനുകൂളെ എസ് കെ എസ് എസ് എഫിന്റെയും മറ്റും ഭരവാഹിത്വ ത്തിൽ നിന്ന് നീക്കം ചെയ്തു. സമസ്തയുടെ ശത്രുക്കൾക്ക് , സമസ്ഥക്കുള്ളിലെ തർക്കങ്ങൾ ആഘോഷിക്കാൻ വേണ്ടി പോസ്റ്റിട്ട എസ് കെ എസ് എസ് എഫിന്റെയും എസ് വൈ എസിന്റെയും നേതാക്കൾക്കെതിരെ നടപടി എടുക്കാതെ ഇരട്ട നീതി യാണെന്ന് വാഫി വിഭാഗം പറയുന്നു. തർക്കം മുറുകിയതോടെ ലീഗ് പ്രവർത്തകരും പക്ഷം ചേർന്നു. അവസാനം സമസ്തയുടെ തീരുമാനങ്ങൾ അംഗീകരിക്കണമെന്ന ഉറപ്പിൽ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ അത് നടപ്പായില്ലെന്ന് ആരോപിച്ചാണ് ഇപ്പോഴത്തെ തർക്കം. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കൊടിന് നൽകിയ കത്താണ് ഇപ്പോൾ സമസ്ത അനുകൂലികൾ പ്രചരിപ്പിക്കുന്നത്. എസ് കെ എസ് എസ് എഫ്, എസ് വൈ എസ് സെക്രട്ടറി മാർ നൽകിയ കത്തിന് മറുപടി എന്ന നിലയിലാണ് സമസ്ത സെക്രട്ടറി യുടെ കത്ത്. ഇന്ന് ചന്ദ്രിക ഫസ്റ്റ് പേജിൽ കലോത്സവ പ്രോഗ്രാം പരസ്യമുണ്ട്.

error: Content is protected !!