ക്യാന്‍സര്‍ രോഗ നിര്‍ണയത്തില്‍ വീഴ്ച: അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : ഭാര്യയുടെ രോഗം യഥാസമയം നിര്‍ണയിക്കുന്നതില്‍ വീഴ്ചവരികയും തുടര്‍ന്ന് ചികിത്സ നല്‍കാനാകാതെ ഭാര്യ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. വയറിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഭാര്യയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷനിലൂടെ നീക്കം ചെയ്ത ഭാഗങ്ങള്‍ വിശദമായ പരിശോധനകള്‍ക്കായി പെരിന്തല്‍മണ്ണയിലെ ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനയില്‍ ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ തുടര്‍ന്നും രോഗശമനം ഇല്ലാത്തതിനാല്‍ പത്ത് മാസത്തോളം ചികിത്സ തുടര്‍ന്നു. ഒടുവില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി.യിലേക്ക് റഫര്‍ ചെയ്തു. അവിടെ നിന്നുമുള്ള പരിശോധനയില്‍ ക്യാന്‍സര്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. കൂടുതല്‍ ചികിത്സകള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ കാണിക്കാനിരിക്കെ പരാതിക്കാരന്റെ ഭാര്യ മരണപ്പെടുകയായിരുന്നു. ആര്‍.സി.സി.യില്‍ വച്ച് പെരിന്തല്‍മണ്ണ ലബോറട്ടറിയില്‍ പരിശോധിച്ച കാര്യങ്ങള്‍ വീണ്ടും പരിശോധിച്ചതില്‍ നേരത്തെ തന്നെ ക്യാന്‍സര്‍ രോഗം ഉണ്ടായിരുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കമ്മീഷനെ പരാതിയുമായി സമീപിച്ചത്. ആര്‍.സി.സി.യിലെ പരിശോധനാ ഫലത്തിന് പെരിന്തല്‍മണ്ണയിലെ ലബോറട്ടറിയേക്കാള്‍ ആധികാരികതയില്ലെന്നും മെഡിക്കല്‍ വിദഗ്ദന്റെ തെളിവില്ലാത്തതിനാല്‍ ഹര്‍ജി തള്ളണമെന്നുള്ള വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. ആര്‍.സി.സിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വിദഗ്ദാഭിപ്രായത്തിന് തുല്യമാണെന്ന് കണ്ടാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പരാതിക്കാരന്റെ ഭാര്യക്ക് യഥാസമയം ചികില്‍സ നല്‍കാന്‍ കഴിയാതെ വന്നതിന് കാരണം ഡോക്ടര്‍ നല്‍കിയ തെറ്റായ ലാബ് റിപ്പോര്‍ട്ടാണെന്ന് കണ്ടാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പരാതിക്കാരന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഉത്തരവ് കിട്ടി ഒരു മാസത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം വിധി തീയതി മുതല്‍ 12 ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയില്‍ പറഞ്ഞു.

error: Content is protected !!