Friday, July 25

വായ്പ എടുത്ത വ്യക്തി തിരിച്ചടവ് പൂര്‍ത്തീയാകും മുമ്പ് മരണപ്പെട്ടാല്‍ ആ വായ്പ ആര് അടക്കും ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നോളൂ….

ഒരു വ്യക്തി വായ്പ എടുത്ത് ആ വായ്പ തിരിച്ചടയ്ക്കുന്നതിന് മുന്‍പ് മരിച്ചു പോയാല്‍ ആ വായ്പ പിന്നെ ആര് തിരിച്ചടയ്ക്കും. ഈ ബാധ്യത ആരാണ് വഹിക്കേണ്ടി വരിക? ഈ സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ.. എന്നാല്‍ അതിലേക്കായാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്.

ഇത്തരമൊരു സാഹചര്യങ്ങളില്‍ വായ്പ തിരിച്ചടയ്ക്കുന്നയാളെ തീരുമാനിക്കുക വായ്പയുടെ തരം വെച്ചായിരിക്കും. സുരക്ഷിത വായ്പയാണോ അതോ സുരക്ഷിതമല്ലാത്ത വായ്പയാണോ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇത്. അതായത്, സഹ-വായ്പക്കാരോ ജാമ്യക്കാരോ ഉണ്ടോ എന്നുള്ളത് ഉള്‍പ്പടെ ഇതിന്റെ മാനദണ്ഡമാകും.

സാധാരണയായി ഭവന വായ്പകള്‍ക്കള്‍് സഹ വായ്പക്കാരന്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരന്‍ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റെടുക്കേണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ തിരിച്ചടയ്ക്കാന്‍ ബാധ്യസ്തനാകും.

ഇനി സഹ-വായ്പക്കാരനോ ജാമ്യക്കാരനോ ഇല്ലാത്ത വായ്പ ആണെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈ വയ്പ തിരിച്ചെടുക്കുക അയാളുടെ നിയമപരമായിട്ടുള്ള അവകാശികളില്‍ നിന്നായിരിക്കും. അല്ലെങ്കില്‍, നിയമപരമായ അവകാശിയുടെ പാരമ്പര്യ സ്വത്തുക്കളില്‍ നിന്നാകാം. അവകാശികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് പാരമ്പര്യമായി ലഭിച്ച ആസ്തികള്‍ ഉപയോ?ഗിക്കാന്‍ നിര്‍ബന്ധിതരായേക്കാം.

വായ്പ സംരക്ഷണ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം ഇത്തരം സാഹചര്യങ്ങളിലാണ് മനസ്സിലാക്കാന്‍ കഴിയുക. ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ കടം വാങ്ങുന്നയാള്‍ മരിച്ചാല്‍ കവറേജ് ലഭിക്കും. അത്തരമൊരു പരിരക്ഷ ഉണ്ടെങ്കില്‍, കുടുംബത്തിനും ആസ്തിക്കും ഒന്നും സംഭവിക്കുകയില്ല. ഭവന വായ്പകള്‍ക്കാണ് പ്രധാനമായും ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് ലഭിക്കുന്നത്.

കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയായതിനാല്‍ തന്നെ ഒരു വായ്പയില്‍ ഒപ്പിടുന്നതിന് മുന്‍പ് എന്താണ് നിങ്ങളുടെ റോള്‍ എന്ന് കൃത്യമായി അറിയണം.

error: Content is protected !!