തിരുവനന്തപുരം : എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പിവി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമ സഭയില്‍ വിഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നില്‍ പി ശശിയാണെന്നും അന്‍വര്‍ വെളിപ്പെടുത്തി. സഭയില്‍ താന്‍ തന്നെ അഴിമതിയാരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോള്‍ പൂര്‍ണ്ണമായും ശരിയെന്നായിരുന്നു മറുപടി ലഭിച്ചത്. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. അതേസമയം ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണ പ്രയാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1.5 വര്‍ഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍.ഷംസീറിനെ കണ്ട് അന്‍വര്‍ രാജിക്കത്തു കൈമാറിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അന്‍വര്‍ ഇന്നലെ കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്.