എം എൽ എ ഹമീദ് മാസ്റ്ററുടെ ഇടപെടൽ, ഷഫീഖ് ഇന്ത്യൻ ടീമിന് ഇറാനിൽ കളിക്കും

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഷഫീഖ് പാണക്കാടന് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രച്ചെലവ് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാർച്ച് 5 മുതൽ ഇറാനിലെ കിഷ് ദ്വീപിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് 1.60 ലക്ഷം രൂപ യാത്രാ ചെലവുവരും. ഷഫീഖിന്റെ കട ദേശീയപാതാ വികസനത്തിൽ പൊളിച്ചുമാറ്റിയതോടെ വരുമാനമില്ലാത്ത അവസ്ഥയിലാണ്.

ഇതിനിടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ സ്വപ്നമായിരുന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചെലവു കണ്ടെത്താൻ ഷഫീഖ് പ്രയാസപ്പെടുന്നതു ശ്രദ്ധയിൽപെട്ട പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് യാത്രയ്ക്ക് ആവശ്യമായ പണം ലഭിച്ചു. എംഎൽഎക്കു പുറമേ, ജീവകാരുണ്യ പ്രവർത്തകനായ കാടപ്പടിയിലെ ചൊക്ലി അബ്ദുസ്സലാം ഹാജി, ഷഫീഖിന്റെ സുഹൃത്തുക്കളായ റഫീഖ് ചോനാരി, ഷാജി കാടപ്പടി എന്നിവർ ചേർന്നാണ് പണം നൽകിയത്. 

സ്കൂൾ പഠനകാലത്ത് ലോറി കയറിയാണ് ഷഫീഖിന്റെ വലതു കാൽ നഷ്ടമായത്. എന്നാൽ തളരാതെ ഒറ്റക്കാലിൽ ഷെഫീഖ് ഭിന്നശേഷിക്കാർക്കും സമൂഹത്തിനും വേണ്ടി പ്രവർത്തിച്ചു. ഒറ്റക്കാലിൽ വയനാട് ചുരം നടന്നു കയറി. ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുത്തു. സംസ്ഥാന നീന്തൽ ചാമ്പ്യൻ പട്ടം കാരസ്ഥമാക്കി. ഇറാനിൽ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ ടീമിലെ ഏക മലപ്പുറം ജില്ലക്കാരനാണ്.

ഇന്നലെ വൈകിട്ട് ഷഫീഖിനെ എംഎൽഎയുടെ നേതൃത്വത്തിൽ യാത്രയയച്ചു. തൃശൂരിൽ 15 ദിവസത്തെ ക്യാംപിനു ശേഷം ഇറാനിലേക്ക് യാത്രതിരിക്കും. ചടങ്ങിൽ എം.എ.ഖാദർ, ഡോ. യാസർ കണ്ടാണത്ത്, ഡോ. അലി മുഖദാർ, ഹനീഫ മൂന്നിയൂർ, എം.സെയ്തലവി, ഇ.സഫീൽ, മനാഫ് മേടപ്പിൽ, മുസമ്മിൽ ഹുദവി, ബഷീർ കൈനാടൻ, ബഷീർ മമ്പുറം, റഈസ് ഹിദായ,
ഷാജി കാടപ്പടി, ബാബു കോഹിനൂർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!