
തവനൂർ: അയങ്കലത്ത് യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ (50), ഫാത്തിമ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഫാത്തിമയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി തഹസിൽദാർ സുരേഷിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പരിശോധിച്ചു. മലപ്പുറത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് ബസ്ബസത്തിന്റെയും സുഹൈല നസ്‌റിന്റെയും വിവാഹം നടന്നത്. ബസ്ബസത്ത് വിദേശത്താണ്. ഭർത്തൃമാതാവും പേരക്കുട്ടി സഹലയും പതിവായി നസ്‌റിനുമായി വഴക്കിടാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ചയും വഴക്കുണ്ടായി. സ്ത്രീധനത്തെച്ചൊല്ലിയും ഭർത്തൃമാതാവ് ശകാരിച്ചു. മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് നസ്‌റിന്റെ ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു. വീട്ടുകാർക്ക് അയൽവാസികളുമായും വലിയ ബന്ധിമില്ലായിരുന്നു.
തിരൂർ ഡിവൈ.എസ്.പി. ബെന്നി സ്ഥലത്തെത്തി ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച വൈകീട്ട് കൂടല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കൂടല്ലൂർ സ്വദേശി ഹംസയുടെയും ഫാതിമയുടെയും മകളാണ് സുഹൈല നസ്റിൻ.
വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC