
മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് പീഡനശ്രമം നടന്നത്. ഇന്നലെ രാത്രി മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പോലീസാണ് കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. യുവതി ഇരുന്ന സീറ്റിലാണ് നിസാമുദ്ദീനും ഇരുന്നത്. ബസ് കോഴിക്കോട് പിന്നിട്ടതോടെയുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നംപറില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരിയില്‍ വെച്ചാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.