ചന്ദ്രയാൻ വിക്ഷേപണം നേരിട്ട് കണ്ടതിന്റെ ആഹ്ലാദത്തിൽ യാസിറും കുടുംബവും

തിരൂരങ്ങാടി : ചന്ദ്രയാൻ വിക്ഷേപണം നേരിൽ കണ്ട ആഹ്ലാദത്തിൽ യാസിറും കുടുംബവും. ഭാരതം അഭിമാനം കൊണ്ട നിമിഷത്തിന് സാക്ഷികളായി തിരൂര ങ്ങാടിയിലെ എ.കെ.യാസിർ, ഭാര്യ സുമൻ നസ്രിൻ, മക്കളായ അയ്ൻ അലീന, അലിൻ അയ്ഹാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഐഎസ്ആർഒയിൽ നിന്നും സാക്ഷികളാകാൻ 5000 പേർക്ക് പാസ് അനുവദിച്ചതിൽ ഇവർക്കും ലഭിച്ചിരുന്നു.

ആന്ധ്രപ്രദേശിലെ ശ്രീഹരി ക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിയാണ് ഇവർ കണ്ടത്. രാവിലെ 11 മണി മുതൽ ആയിരുന്നു നേരത്തേ പാസ് ലഭിച്ചവർക്ക് പ്രവേശനം അനുവദിച്ചത് . ബാംഗ്ലൂർ വരെ ട്രെയിനിലും അവിടെ നിന്ന് സുഹൃത്തിനൊപ്പം കാറിലും ആയിരുന്നു ശ്രീഹരിക്കോട്ട യിൽ എത്തി ചേർന്നത്.

ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ നിന്നും ഈ ധന്യ നിമിഷത്തിന് സാക്ഷികൾ ആകാൻ എത്തിച്ചേർന്നവരുണ്ട്. ഏകദേശം ഒരു മണി ആയപ്പോഴേക്കും തന്നെ വിക്ഷേപണം കാണാനുള്ള ‘ലോഞ്ച് വ്യൂ ഗാലറി’ നിറഞ്ഞു കവിഞ്ഞിരുന്നു. നല്ല ചൂടിനെ വക വെക്കാതെ ഭാരത് മാതാ കീ ജയ്, ഇസ്രോ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളാൽ അന്തരീക്ഷം ശബ്ദ മുഖരതമായി കൊണ്ടിരുന്നു. ഒടുവിൽ വിക്ഷേപണ സമയമായ 2.35 അടുക്കുവോളം എല്ലാവരും ഈ ശാസ്ത്രംനേട്ടത്തിന്റെ സാക്ഷികൾ ആകാനുള്ള സന്തോഷത്തിന്റെ തിരതള്ളലിൽ ആയിരുന്നു. 2.30 ആയപ്പോഴേക്കും ഗ്രൗണ്ടിൽ ഉള്ള വലിയ സ്‌ക്രീനിൽ കൗണ്ട് ഡൌൺ കാണിച്ചു തുടങ്ങി. പിന്നെ പത്ത്, ഒൻപത് തുടങ്ങി പൂജ്യം വരെ പിന്നിലേക്ക് എണ്ണുന്ന നിമിഷങ്ങൾ. പൂജ്യമെത്തിയതും നേരെ മുന്നിൽ റോക്കറ്റ് കുതിച്ചു പൊങ്ങി.

അഞ്ചാം ക്‌ളാസിലും മൂന്നാം ക്‌ളാസിലും പഠിക്കുന്ന മക്കൾക്ക് ശാസ്ത്രവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ ആണ് ഈ യാത്രയ്ക്ക് ഒരുങ്ങിയത്. മകൾ അയ്ൻ അലീന തിരൂരങ്ങാടി GHSS സ്‌കൂളിൽ അഞ്ചാം ക്‌ളാസിലും മകൻ അലിൻ അയ്ഹാൻ തിരൂരങ്ങാടി താഴെചിന GMLP സ്കൂളിൽ മൂന്നാം ക്‌ളാസിലും ആണ് പഠിക്കുന്നത്. റവന്യു വകുപ്പിൽ ഉദ്യോഗസ്ഥൻ ആയ യാസിർ നിലവിൽ PWD ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്ന സ്പെഷ്യൽ തഹസിൽദാറുടെ കാര്യാലയത്തിൽ പരപ്പനങ്ങാടിയിൽ ആണ് ജോലി ചെയ്യുന്നത്.

error: Content is protected !!