ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി വിട്ടുനല്‍കും. ഭൗതികശരീരം ഇന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. ശനിയാഴ്ച സി.പി.എം ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവനില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ പൊതുദര്‍ശനം. വൈകിട്ട് മൂന്നു മണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി എയിംസിന് വിട്ടുകൊടുക്കും.
ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചക്ക് 3.05ഓടെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.