കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതംകോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോന്‍ പുത്തന്‍ പീടിക (35) സഫ്‌ന പറമ്പന്‍ (21) എന്നിവരി നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോന്‍ പുത്തന്‍ പീടിക തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളില്‍നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1104 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കസ്റ്റംസ് ഈ കേസില്‍ ഈ ദമ്പതികളുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിച്ചു വരികയാണ്.
കള്ളക്കടത്തുസംഘം രണ്ടുപേര്‍ക്കും 50000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഈ ദമ്പതികള്‍ തങ്ങളുടെ കുട്ടിയോടൊത്ത് ജിദ്ദയില്‍ നിന്നും തിരിച്ചു വരുമ്പോഴാണ് ഈ കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വര്‍ണം കടത്തുവാനാണ് ദമ്പതികള്‍ ശ്രമിച്ചത്. സഫ്‌നയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാല്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അമീര്‍മോന്‍ താനും സ്വര്‍ണം ഒളിപ്പിച്ചു വച്ചു കൊണ്ടുവന്നിട്ടുണ്ടെന്നു ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.
അസിസ്റ്റന്റ് കമ്മീഷണര്‍മാരായ രവീന്ദ്ര വി കെനി, ശ്രീ. പ്രവീണ്‍കുമാര്‍ കെ. കെ., എം. ചെഞ്ചുരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണന്‍, കുഞ്ഞുമോന്‍ പികെ., സ്വപ്ന വി. എം., ഇന്‍സ്പെക്ടര്‍മാരായ ധന്യ കെപി., നവീന്‍ കുമാര്‍, കില്ലി സന്ദീപ്, ഇ. രവികുമാര്‍, ഹെഡ് ഹവല്‍ദാര്‍ ഇ. ടി. സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.