Wednesday, August 27

ബാറില്‍ വച്ച് തര്‍ക്കം ; യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചു ; മൂന്ന് പേര്‍ അറസ്റ്റില്‍, നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും, നടി ഒളിവിലെന്ന് സൂചന

കൊച്ചി : ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാന്‍ പൊലീസ്. സംഭവത്തില്‍ യുവതി ഉള്‍പ്പടെ മൂന്നുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ പ്രമുഖ നടി ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ ഇവര്‍ക്കെതിരെ യുവാവ് പരാതി നല്‍കിയിട്ടില്ല. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നടിക്കൊപ്പം മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവര്‍ ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. മിഥുനെയും അനീഷിനെയും സോനാ മോളെയും എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മി മേനോനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇവര്‍ ഒളിവിലാണെന്നും സൂചനകളുണ്ട്.

ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തര്‍ക്കം പിന്നീട് റോഡിലേക്കു നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറില്‍നിന്നു മടങ്ങിയതിനു പിന്നാലെ പ്രതികള്‍ ഇവരുടെ കാറിനെ പിന്തുടര്‍ന്നു. രാത്രി 11.45ഓടെ നോര്‍ത്ത് റെയില്‍വേ പാലത്തിനു മുകളില്‍ വച്ച് പ്രതികള്‍ കാര്‍ തടഞ്ഞ് പരാതിക്കാരനെ കാറില്‍നിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നു പരാതിയില്‍ പറയുന്നു. പിന്നീട് യുവാവിനെ അക്രമി സംഘം പറവൂര്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും അവശനിലയിലായ യുവാവിനെ പിന്നീട് തോട്ടക്കാട്ടുകരയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതി.സംഭവം നടക്കുമ്പോള്‍ കാറില്‍ പ്രമുഖ നടിയും ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ നടി മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടന്മാര്‍ക്കൊപ്പം നായികയായി ഈ നടി അഭിനയിച്ചിട്ടുണ്ട്. വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. കേസിന്റെ അന്വേഷണം നടിയിലേക്ക് ഉള്‍പ്പെടെ നീങ്ങാനും സാധ്യതയുണ്ട്.

സംഭവത്തില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. തിങ്കളാഴ്ച നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലെത്തുകയായിരുന്നു.

error: Content is protected !!