മൂലമറ്റം: മൂലമറ്റത്ത് ബസ് കണ്ടക്ടറായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് തട്ടുകടയിൽനിന്ന് ആവശ്യപ്പെട്ട ഭക്ഷണം കിട്ടാത്തതിനെച്ചൊല്ലിയുള്ള തർക്കം. ശനിയാഴ്ച അർധരാത്രിയുണ്ടായ വെടിവെപ്പിൽ ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് പാട്ടത്തിൽ ജബ്ബാർ എന്ന സനലാണ് (34) മരിച്ചത്.
സനലിന് ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി മാളിയേക്കൽ പ്രദീപ് പുഷ്കരൻ (32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയുതിർത്ത മൂലമറ്റം മാവേലി പുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രി പത്തരയോടെ മൂലമറ്റം അശോക കവലയിലെ തറവാട് എന്ന തട്ടുകടയിലെത്തിയ ഫിലിപ്പും ബന്ധുവും പൊറോട്ടയും പോട്ടിയും ആവശ്യപ്പെട്ടു. പോട്ടി ഇല്ലെന്ന് കടയുടമ അറിയിച്ചു. എന്നാൽ, ഫിലിപ്പിനുശേഷം കടയിൽ എത്തിയവർക്ക് പോട്ടി നൽകിയതിനെച്ചൊല്ലി വാക്തർക്കമായി. ഇത് കടയിലുണ്ടായിരുന്ന മറ്റ് ചിലർ ഏറ്റുപിടിച്ചതോടെ സംഘർഷമാകുകയും ഫിലിപ്പിന് മർദനമേൽക്കുകയും ചെയ്തു. ക്ഷുഭിതനായ ഫിലിപ്പ് ബന്ധുവിനൊപ്പം വെല്ലുവിളി നടത്തി സ്കൂട്ടറിൽ വീട്ടിലേക്ക് പോയി. വീട്ടിൽനിന്ന് ഇരട്ടക്കുഴൽ തോക്കുമായി കാറിൽ മടങ്ങിയെത്തിയ ഫിലിപ്പ് തട്ടുകടക്ക് നേരെ വെടിയുതിർത്തു. എന്നാൽ, ആർക്കും പരിക്കേറ്റില്ല. കടയിലുണ്ടായിരുന്നവർ ഉടൻ സംഘടിച്ച് ഫിലിപ്പിന് നേരെ അടുത്തു. ഇതുകണ്ട് കാർ തിരിച്ച് ഓടിച്ചുപോയ ഫിലിപ്പിനെ ഒരു സംഘം പിന്തുടർന്നു. അറക്കുളം എ.കെ.ജി കവലയിൽ എത്തിയപ്പോൾ ഫിലിപ്പിന്‍റെ മാതാവ് കാർ തടഞ്ഞുനിർത്തി. മകൻ വീട്ടിൽനിന്ന് തോക്കുമായി പോകുന്നത് കണ്ടാണ് ഇവർ റോഡിലേക്ക് ഇറങ്ങി വന്നത്.
ഈ സമയം പിന്തുടർന്നെത്തിയവർ കാറിന് കേടുപാട് വരുത്തുകയും ഫിലിപ്പിനെ മർദിക്കുകയും ചെയ്തു. അവിടെ നിന്ന് കാർ വെട്ടിച്ച് മൂലമറ്റം ഭാഗത്തേക്ക് പോയ ഫിലിപ്പ് തൊട്ടടുത്ത പെട്രോൾ പമ്പിന് സമീപം എത്തി തിരിച്ചുപോന്നു. തന്നെ മർദിച്ചവർ റോഡിൽ നിൽക്കുന്നത് കണ്ടതോടെ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, റോഡിൽ നിന്നവർ ഓടി മാറുകയും ഈ സമയം അതുവഴി സ്കൂട്ടറിൽ വന്ന സനലിനും പ്രദീപിനും വെടിയേൽക്കുകയും ചെയ്തു. വെടിയേറ്റ് സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ പ്രദീപിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചു. ചോരയിൽ കുളിച്ചുകിടന്ന സനലിനെ കാഞ്ഞാർ പൊലീസും അഗ്നിരക്ഷാസേനയുമെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു.
ഫിലിപ്പിന്‍റെ കാർ തൊടുപുഴ ഭാഗത്തേക്ക് പോയതായി അറിഞ്ഞ് കാഞ്ഞാർ പൊലീസ് മുട്ടം പൊലീസിനെ വിവരം അറിയിച്ചു. മുട്ടം പൊലീസ് വഴിയിൽ തടഞ്ഞുനിർത്തി കാറും ഫിലിപ്പിനെയും കസ്റ്റഡിയിൽ എടുത്ത് കാഞ്ഞാർ പൊലീസിന് കൈമാറി.
രാത്രിതന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കി. ജില്ല പൊലീസ് മേധാവി ആർ. കറുപ്പ് സാമി, തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, കാഞ്ഞാർ ഇൻസ്പെക്ടർ സോൾജി മോൻ, മുട്ടം ഇൻസ്പെക്ടർ ശിവകുമാർ, കരിങ്കുന്നം എസ്.എച്ച്.ഒ പ്രിൻസ്, തൊടുപുഴ ഇൻസ്പെക്ടർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. സനൽ അവിവാഹിതനാണ്. മുമ്പ് ഇസ്രായേ ലിൽ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയുടെ സഹോദരനാണ് സനൽ. പിതാവ്: സാബു. മാതാവ്: വത്സല. സഹോദരി: സബിത.