കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 6.60 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2336 ച.മീ. ആണ് തറവിസ്തീര്‍ണം. 189 പേരെ ഉള്‍ക്കൊള്ളാവുന്ന പരിശോധനാ ഹാള്‍, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കോടെയുള്ള കംപ്യൂട്ടറുകള്‍, യോഗം ചേരാനുള്ള ഹാള്‍, താമസ സൗകര്യം, പുനര്‍മൂല്യനിര്‍ണയ നിരീക്ഷണ സെല്‍, ശുചിമുറികള്‍, ഭക്ഷണം കഴിക്കാനുള്ള ഹാള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പരീക്ഷാഭവന്‍ കെട്ടിടത്തിന് പിറകിലായി ഉത്തരക്കടലാസുകളുടെ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള എ.എസ്.ആര്‍.എസ്. നിര്‍മിതിയോട് ചേര്‍ന്നാണ് പുതിയ കെട്ടിടം. അധ്യാപകര്‍ക്ക് ഇവിടെ താമസിച്ചുകൊണ്ടു തന്നെ യഥാസമയം മൂല്യനിര്‍ണയം നടത്താനാകും. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പഠന ബോര്‍ഡ് യോഗങ്ങള്‍ എന്നിവക്കാണ് ഇതു പ്രധാനമായും ഉപയോഗിക്കുക.
ഒന്നരവര്‍ഷമാണ് നിര്‍മാണ കരാര്‍ കാലാവധിയെങ്കിലും ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വി.സി. പറഞ്ഞു. കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയത് അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എല്‍. രഞ്ജിത്താണ്. അങ്കമാലിയിലെ കെ.ജെ. വര്‍ഗീസാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, യൂണിവേഴ്സിറ്റി എന്‍ജിനീയര്‍ വി.ആര്‍. അനില്‍ കുമാര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ജയന്‍ പാടശ്ശേരി, അസി.എന്‍ജിനീയര്‍ സി.എസ്. ആദര്‍ശ് തുടങ്ങിയവര്‍ പങ്കെടുത്തു.