മലപ്പുറം : 13 കാരി ഗര്‍ഭിണിയായി കുഞ്ഞിന് ജന്മം നല്കിയ കേസില്‍ പ്രതിയായ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ. അരീക്കോടിനടുത്ത 24കാരനെയാണ് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എ.എം.അഷ്റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. വിധി കേട്ട ശേഷം പ്രതി കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സു പ്രായമുള്ള മൂത്ത സഹോദരനായ പ്രതി 13 വയസ്സുകാരിയായ സഹോദരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. 6 മാസത്തിനു ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇക്കാര്യം ഡോക്ടര്‍ പൊലീസില്‍ അറിയിച്ചില്ല. പിന്നീട് മൂന്ന് മാസം കഴിഞ്ഞ് പ്രസവ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റൊരു ഡോക്ടറുടെ ചികിത്സയില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. കുഞ്ഞിനെ ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മറ്റി മുഖേന ദത്ത് നല്കി. പ്രസവശുശ്രൂഷ നടത്തിയ ഡോക്ടറാണ് പൊലീസിനു വിവരം കൈമാറിയത്. സഹോദരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് കുട്ടി പൊലീസിനും മജിസ്ട്രേട്ടിനും മുന്പില് മൊഴി നല്കി.
കേസ് കോടതിയില്‍ എത്തിയതോടെ ഒന്ന്, രണ്ട്, മൂന്ന് സാക്ഷികളായ കുട്ടിയും മാതാവും അമ്മാവനും കൂറുമാറി. എന്നാല്‍ ഡി എന്‍ എ ഫലം വന്നതോടെ കുഞ്ഞിന്റെ പിതാവ് പ്രതി തന്നെയാണെന്ന് തെളിഞ്ഞു. പരിശോധന നടത്തിയ ഡയറക്ടര്‍ ഓഫ് ഫോറന്‍സിക് ലാബ് അസിസ്റ്റന്റിനെ കോടതി മുമ്പാകെ പ്രോസിക്യൂഷന് വിസ്തരിക്കുകയും ചെയ്തു. പ്രതിയായ മകനെ സംരക്ഷിക്കാനാണ് കൂറുമാറ്റമെന്നും ശാസ്ത്രീയ തെളിവുകള്‍ കുറ്റകൃത്യം വ്യക്തമാക്കുന്നെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സോമസുന്ദരന്റെ വാദം കോടതി അംഗീകരിച്ചു.
പ്രായ പൂര്‍ത്തിയാകാത്ത അതിജീവിത ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രി ഡോക്ടറെ പൊലീസ് കേസിലെ രണ്ടാം പ്രതിയാക്കിയിരുന്നു. ഇയാള്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഒന്നാം പ്രതിയുടെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന പിന്നീട് ദത്തുനല്‍കി.
അരീക്കോട് പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന എന്‍ വി ദാസന്, ബിനു തോമസ്, എ ഉമേഷ് എന്നിവരായിരുന്നു കേസിന്റെ അന്വേഷണോദ്യോഗസ്ഥര്‍. കേസില്‍ പ്രോസിക്യുഷന് ഭാഗം തെളിവിലേക്കായി 23 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു.