നാലംഘ സംഘം കോഴിക്കോട് കടപ്പുറത്ത് പുതുവത്സരമാഘോഷിക്കാനെത്തി, മൂന്നു പേരായി മടക്കം ; തീവണ്ടിയിടിച്ച് 17 കാരന് ദാരുണാന്ത്യം, സ്‌കൂട്ടറും 17 കാരനുമായി തീവണ്ടി നീങ്ങിയത് നൂറ് മീറ്ററോളം

Copy LinkWhatsAppFacebookTelegramMessengerShare

കോഴിക്കോട് : കൂട്ടുകാരുമൊത്ത് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ 17 കാരന്‍ തീവണ്ടിയിടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ജംഷീറിന്റെ മകന്‍ ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ 1.10-ഓടെയാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്.

കോഴിക്കോട് കടപ്പുറത്തും മാനാഞ്ചിറയിലുമായി പുതുവത്സരം ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. അതിനാല്‍ വെള്ളയില്‍ നിന്ന് ദേശീയപാതയിലേക്ക് മേല്‍പ്പാലത്തിലൂടെയല്ലാതെ എളുപ്പത്തില്‍ എത്താന്‍ വേണ്ടി സ്‌കൂട്ടറില്‍ പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു ആദിലും സുഹൃത്തുക്കളും. ടിക്കറ്റ് എടുത്തശേഷം പ്ലാറ്റ് ഫോമിലേക്ക് വരാനുള്ള ട്രാക്കിലൂടെയുള്ള നടപ്പാതയിലൂടെയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇതിലെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. മുമ്‌ബേ പോയ സ്‌കൂട്ടര്‍ ട്രാക്ക് കടന്നുപോകുന്നതുകണ്ടാണ് ആദിലും സ്‌കൂട്ടര്‍ ഓടിച്ചുകയറ്റിയത്. സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തായി ആദിലിനെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ട്രാക്കില്‍ സ്‌കൂട്ടര്‍ കണ്ട ലോക്കോപൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കി അപായമുന്നറിയിപ്പ് നല്കി. ചൂളംവിളി കേട്ട് ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് ഓടിരക്ഷപ്പെട്ടു. എന്നാല്‍ ആദിലിന് രക്ഷപ്പെടാനായില്ല. അപകടമുണ്ടായ സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ അകലെ വെള്ളയില്‍ സ്റ്റേഷനുസമീപംവരെ തീവണ്ടി എന്‍ജിനില്‍ കുടുങ്ങിനീങ്ങിയ ആദിലിന്റെ മൃതദേഹം അരയ്ക്കുതാഴെ വേര്‍പെട്ട നിലയിലായിരുന്നു.

അപകടത്തെത്തുടര്‍ന്ന് വെള്ളയില്‍ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിന്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യാത്രതിരിച്ചത്. നടക്കാവ് സ്റ്റേഷന്‍ എസ്.ഐ പവിത്രകുമാര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എ.എസ്.ഐ. നന്ദഗോപാല്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ പി.ദേവദാസ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!