തിരുവനന്തപുരം : വര്‍ക്കലയില്‍ 19 കാരിയായ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ലക്ഷ്മി. തുടര്‍ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സംഭവം. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. 11 മാസം മുന്‍പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്. ഗര്‍ഭിണി ആയതിനാല്‍ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതായും അബോര്‍ഷന്‍ പെണ്കുട്ടി അവശ്യപ്പെട്ടത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും പറയപ്പെടുന്നു. ഇതാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. സംഭവത്തില്‍ കേസെടുത്ത കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.