
മലപ്പുറം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍’ ശക്തമാക്കി. കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. ആകെ 50 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 36 കേസ് രക്ഷിതാക്കള്‍ക്കെതിരെയാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്, സ്‌കൂള്‍ പരിസത്തെ തല്ലൂകൂടല്‍ എന്നിവ തടയുന്നതിനായാണ് ലാസ്റ്റ് ബെല്‍ നടപ്പിലാക്കിയിട്ടുള്ളത്.
സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം നിയമലംഘനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന. സ്‌കൂള്‍ വിട്ടതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുകയും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നത് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് തുടക്കമിട്ടത്.
പ്രത്യേക പരിശോധനയില്‍ ജില്ലയില്‍ പൊലീസ് പിടിച്ചെടുത്തത് 200 വാഹനങ്ങളാണ്. ഇവയില്‍ രേഖകള്‍ ഇല്ലാത്ത ബൈക്കും, രൂപ മാറ്റം വരുത്തിയവും ഏറെയാണ്. ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശോധനയില്‍ പൊലീസ് പിടിയിലായത്. അന്‍പത് പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 36 കേസുകളും രക്ഷിതാക്കളെയാണ് പ്രതി ചേര്‍ത്തത്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതാണ് കുറ്റം. 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസുണ്ട്. ചില കേസുകളില്‍ പിഴയൊടുക്കി, താക്കീത് നല്‍കിയും പറഞ്ഞയച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.