Monday, August 31

തളർന്നു കിടക്കുന്ന അമ്മയുടെ മുന്നിൽ മകളെ പീഡിപ്പിച്ചു, യുവാവ് പിടിയിൽ

അരീക്കോട് കാവനൂരിൽ തളർന്നു കിടക്കുന്ന അമ്മയ്ക്ക് മുമ്പിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ആണ് പിടിയിലായത്. ഇയാൾ ജയിലില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന ആശങ്കയിലാണ് യുവതിയും പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും.

ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നാണ് അകത്തു കടന്നത്. 

തൊട്ടടുത്തു മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മയ്ക്ക് നിസ്സഹായയായി കരയാനേ കഴിയുമായിരുന്നുള്ളൂ. പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇതേ യുവതിയെ മൂന്നു മാസം മുന്‍പും പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയംമൂലം പുറത്തു പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകള്‍ വേറെയുമുണ്ട്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച്, സാക്ഷി പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.