Tuesday, September 1

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി: യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടിൽ ഇർഷാദിന്റെ ഭാര്യ നുസ്റത്ത് (22) ആണ് മരിച്ചത്. കിടപ്പുമുറിയിലെ തൊട്ടിൽ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. ഏറെ നേരം പുറത്തേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

നാലു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ മൂന്ന് വയസുള്ള മകളുണ്ട്. ഒമാനിൽ മൊബൈൽ ടെക്നീഷ്യനായ ഇർഷാദ് രണ്ടു മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്ക് പോയത്. പൂന്താനം പടിഞ്ഞാറെതിൽ ഹംസ-ലൈല ദമ്പതികളുടെ മകളാണ് മരിച്ച നുസ്റത്ത്. മകൾ: സൻഹ അയ്മൻ. മേലാറ്റൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പെരിന്തൽമണ്ണ തഹസീൽദാർ പി എം മായ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.