Thursday, September 3

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലയുടെ
പേരാമ്പ്ര കേന്ദ്രത്തിന് സ്വന്തം ഭൂമിയായി

കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര റീജണല്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനുള്ള ഭൂമിരേഖ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ അക്കാദമിക്ക് റീജണല്‍ സെന്റര്‍ തുടങ്ങാനാവശ്യമായ അഞ്ച് ഏക്കര്‍ ഭൂമിയാണ്  നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന്  രൂപീകരിച്ച ട്രസ്റ്റ് വഴി ലഭ്യമാക്കിയത്. കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലാണ്  ഭൂമി വാങ്ങിച്ചിരിക്കുന്നത്.  ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ. മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി.  ട്രസ്റ്റ് ചെയര്‍മാന്‍ എ.കെ. തറുവായി ഹാജി, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, ഡി.എസ്.എഫ്.സി. ഡയറക്ടര്‍ ഡോ. എ. യൂസഫ്, സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം എന്‍.പി. ബാബു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അക്ഷയ് മനോജ്, സര്‍വകലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. നിലവില്‍ എം.എസ്.ഡബ്ല്യു., ബി.എസ്.ഡബ്ല്യു.  എം.എസ് സി.  കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്. സി ഐ.ടി., ബി.സി.എ. പ്രോഗ്രാമുകളിലായി 165 വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്.

ഫോട്ടോ –  കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര റീജണല്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനുള്ള ഭൂമിരേഖ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങുന്നു.        പി.ആര്‍. 202/2023

അന്തര്‍ ദേശീയ സെമിനാറിനു തുടക്കമായി

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യഭ്യാസ വിഭാഗം പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിക്കുന്ന അന്തര്‍ ദേശീയ സെമിനാറിനു തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സെമിനാര്‍, ദക്ഷിണേഷ്യന്‍ മേഖലയിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളും അവയുടെ തന്ത്രപരമായ മാറ്റങ്ങളും സുരക്ഷാ മുന്‍ഗണനകളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് . വൈസ് ചാന്‍സിലര്‍ ഡോ. എം. കെ. ജയരാജ്  ഉത്ഘാടനം ചെയ്ത ചടങ്ങില്‍ കേരള സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫ. ഷാജി വര്‍ക്കി മുഖ്യ പ്രഭാഷണം നടത്തി.കാലിക്കറ്റ് സര്‍വ കലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സാബു തോമസ്, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ശ്രീ എം എ യൂജിന്‍ മോറേലി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. രജീഷ് സി. എസ്., രഞ്ജിത് വി.ടി. എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.        പി.ആര്‍. 203/2023

വിദ്യാഭ്യാസ പഠനവിഭാഗം – ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം സര്‍വീസില്‍ നിന്നും വിരമിക്കുന്ന മുന്‍ വകുപ്പ് മേധാവി ഡോ. കെ.പി. മീരയോടുള്ള ആദരമായി ‘വിദ്യാഭ്യാസം മറ്റു പഠനമേഖലകളുടെ വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 21, 22 തീയതികളില്‍ നടക്കുന്ന സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ പഠനവിഭാഗം മുന്‍മേധാവി ഡോ. ഹസീന്‍ താജ് മുഖ്യപ്രഭാഷണം നടത്തും. ഡോ. പി.കേളു, ഡോ. പി. ഉഷ, ഡോ. ഹാഫിസ് മുഹമ്മദ്, ഡോ. ഷെരീഫ്, ഡോ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.        പി.ആര്‍. 204/2023

ഹിന്ദി അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വടകര ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയിലേക്ക് 19.01.2023 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.      പി.ആര്‍. 205/2023

ടെക്‌നിഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ടെക്‌നിഷ്യന്‍ തസ്തികയില്‍ 07.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് ജനുവരി 7-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച അഭിമുഖം മാര്‍ച്ച് 3-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.      പി.ആര്‍. 206/2023

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 1 വരെയും 170 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം.      പി.ആര്‍. 207/2023

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ 21-ന് നടക്കും.      പി.ആര്‍. 208/2023

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 9 വരെ അപേക്ഷിക്കാം.      പി.ആര്‍. 209/2023

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. മലയാളം, ഹിസ്റ്ററി  ഏപ്രില്‍ 2022 പരീക്ഷകളുടെയും ഇംഗ്ലീഷ്, അറബിക് ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ സോഷ്യോളജി, മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, പോസ്റ്റ് അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍മയ ഫലം പ്രസിദ്ധീകരിച്ചു.      പി.ആര്‍. 210/2023