Sunday, September 6

സംസ്ഥാനത്ത് വേനല്‍ ചൂട് തുടരുന്നു ; വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍, ഇന്നലെ മാത്രം ഉപയോഗിച്ചത് 102.99 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. തൊട്ട് തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. പീക്ക് അവറില്‍ വൈദ്യുതി വിനിയോഗ നിരക്കിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 4893 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്.വൈദ്യുതി ഉപയോഗത്തില്‍ പ്രത്യേകിച്ച് വൈകീട്ട് ആറിനും പതിനൊന്നിനും ഇടയില്‍ കര്‍ശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ച് കൂടിയ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി വാദം. ക്രമാതീതമായി വിനിയോഗ നിരക്ക് ഉയര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം അടക്കം ആലോചിക്കേണ്ടിവരുമെന്നും കെഎസിഇബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബിയുള്ളത്. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമം.വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുന്നത്. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റു സമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണം. എ സിയുടെ താപനില 25 ഡിഗ്രി സെല്‍സിയസില്‍ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണെന്നും കെഎസ്ഇബി വിശദമാക്കുന്നു.

സംസ്ഥാനത്ത് 19ാം തിയതി ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആയിരുന്നു. തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് അവറില്‍ മാത്രം ഉപയോഗിച്ചത് 4893 മെഗാവാട്ട് വൈദ്യുതിയായിരുന്നു. വേനല്‍ കൂടി രൂക്ഷമായതിന് പിന്നാലെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്.ആശ്വാസമായി വേനല്‍മഴയെത്തിയെങ്കിലും സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളില്‍ അടക്കം നേരിയതോതില്‍ വേനല്‍മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് 38.4 ഡിഗ്രി സെല്‍സിയസ് പാലക്കാട്’ രേഖപ്പെടുത്തി.കോട്ടയം 37.7 ഡിഗ്രി സെല്‍സിയസും കണ്ണൂര്‍ 37.4 ഡിഗ്രി സെല്‍സിയസും, കോഴിക്കോട് 37.4 ഡിഗ്രി സെല്‍സിയസും താപനില രേഖപ്പെടുത്തി. ചൂട് കൂടൂന്നതോടെ വൈദ്യുത ഉപഭോഗവും വര്‍ധിച്ചു .